വികസനത്തിന്റെ പേരിൽ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നു -പശ്ചിമ ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: വികസനത്തിന്റെ പേരിൽ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നുവെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. സിക്കിമിനെ ബാധിച്ചതുപോലുള്ള ദുരന്തങ്ങൾ ലഘൂകരിക്കുന്നതിന് പ്രത്യേക പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ പശ്ചിമ ബംഗാളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കഴിയുന്നത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. അതുവഴി എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയാൻ കഴിയും. അതിലുപരിയായി ക്യാമ്പുകളിൽ പോയി ആളുകളെ കാണാനും അവരുടെ വികാരങ്ങൾ അറിയാനും ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ എന്തൊക്കെയാണെന്നും അറിയണം" -അദ്ദേഹം പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾക്ക് പിന്നിൽ വിവിധ കാരണങ്ങളുണ്ടെന്നും പ്രത്യേക പഠനങ്ങളും വിലയിരുത്തലുകളും നടത്തേണ്ടത് ആവശ്യമാണെന്നും ആനന്ദ ബോസ് വ്യക്തമാക്കി. ദുരന്തനിവാരണത്തിലെ തന്റെ അനുഭവത്തിൽ നിന്ന് ഈ അപകടങ്ങൾ ആകസ്മികമല്ലെന്ന് പറയാൻ കഴിയുമെന്നും വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതാവസ്ഥയിൽ ആകണം. പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ് ഇതിനുള്ള ശാശ്വതമായ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.