മുന്നാക്ക സംവരണം: നിലപാടു മാറ്റി കോൺഗ്രസ്, വിധിയോടുള്ള പാർട്ടി നിലപാട് പുനഃപരിശോധിക്കും
text_fieldsന്യൂഡൽഹി: മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി, ബി.ജെ.പിയോടൊപ്പം സ്വാഗതം ചെയ്തെങ്കിലും തമിഴ്നാട്ടിൽനിന്നുയർന്ന എതിർപ്പിനെ തുടർന്ന് നിലപാട് പുനഃപരിശോധിക്കാൻ കോൺഗ്രസ്. തമിഴ്നാട്ടിലെ സഖ്യകക്ഷിയായ ഡി.എം.കെ സർക്കാർ സർവകക്ഷി യോഗം വിളിച്ച്, മുന്നാക്ക സംവരണം നടപ്പാക്കില്ലെന്നും പുനഃപരിശോധന ഹരജി നൽകുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദേശീയ തലത്തിൽ നിലപാട് പുനഃപരിശോധിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതോടെ മുന്നാക്ക സംവരണത്തിൽ പൂർണമായും ബി.ജെ.പി നിലപാടിനൊപ്പം നിൽക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്.
സംവരണത്തിനുള്ള മാനദണ്ഡം സാമ്പത്തികമാക്കിയാൽ, ജാതി അടിസ്ഥാനത്തിൽ അതിൽനിന്ന് ചില വിഭാഗങ്ങളെ പുറന്തള്ളാനാവില്ലെന്ന ചർച്ച കോൺഗ്രസിനകത്ത് രൂപപ്പെട്ടതോടെയാണ് നിലപാട് മാറ്റം. തുടർന്ന്, സുപ്രീംകോടതി വിധി സൃഷ്ടിക്കുന്ന സാമൂഹിക രാഷ്ട്രീയ നിയമ പ്രത്യാഘാതങ്ങൾ പഠിക്കാൻ പാർട്ടി രണ്ട് സമിതികളെ നിയോഗിച്ചു. ദലിത് നേതാവുകൂടിയായ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം മുന്നാക്ക സംവരണ വിധി സൃഷ്ടിക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പരിശോധിക്കും. വിധിയിലെ നിയമപ്രശ്നങ്ങൾ മുതിർന്ന അഭിഭാഷകരായ പി. ചിദംബരം, അഭിഷേക് മനു സിങ്വി എന്നീ നേതാക്കളും പഠിക്കും.
വിധി പ്രസ്താവിച്ച സുപ്രീംകോടതി ബെഞ്ചിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും കൈക്കൊണ്ട നിലപാടായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാവ് ചിദംബരമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിയെ പുനഃപരിശോധനക്ക് പ്രേരിപ്പിക്കുന്ന ചർച്ചക്ക് തുടക്കമിട്ടത്. തമിഴ്നാട്ടിൽനിന്നുള്ള പാർട്ടി എം.പിമാരായ കാർത്തി ചിദംബരവും എസ്. ജ്യോതിമണിയും സുപ്രീംകോടതി വിധിയിൽ ആദ്യമേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സംവരണത്തിനുള്ള മാനദണ്ഡം സാമ്പത്തികമാക്കിയാൽ ജാതിയുടെ അടിസ്ഥാനത്തിൽ അതിൽനിന്ന് ചില വിഭാഗങ്ങളെ പുറന്തള്ളുന്നത് എങ്ങനെയെന്നായിരുന്നു, കാർത്തി ചിദംബരം ചോദിച്ചിരുന്നത്. മുന്നാക്ക സംവരണത്തിന്റെ ക്രെഡിറ്റ് പൂർണമായും കോൺഗ്രസിനാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വാർത്തസമ്മേളനം നടത്തിയത് മറികടന്നായിരുന്നു ഇവരുടെ എതിർപ്പ്.
മുന്നാക്ക-പിന്നാക്ക വേർതിരിവില്ലാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമെന്നായിരുന്നു മൻമോഹൻ സർക്കാറിന്റെ കാലത്ത് പാർട്ടി മുന്നോട്ടുവെച്ച ഫോർമുലയെന്നും തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾ ഓർമിപ്പിക്കുന്നു. നിലവിലെ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തെ ബാധിക്കാതെയും ഒരു വിഭാഗത്തെയും പുറന്തള്ളാതെയുമുള്ള സാമ്പത്തിക സംവരണമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വാർത്തസമ്മേളനം നടത്തിയ ജയ്റാം രമേശ് ഒടുവിൽ ഇതു തിരുത്തി പുതിയ പ്രസ്താവന പുറത്തുവിട്ടതോടെയാണ് പാർട്ടിയുടെ നിലപാടു മാറ്റം കൂടുതൽ വ്യക്തമായത്.
പാർലമെന്റിൽ കോൺഗ്രസ് മറ്റു പാർട്ടികളോടൊപ്പം മുന്നാക്ക സംവരണ ബില്ലിനെ പിന്തുണച്ചിരുന്നുവെങ്കിലും വിശദ പഠനത്തിന് ഇത് സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതാണെന്ന് പുതിയ പ്രസ്താവനയിൽ ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. വിധിയിൽ നിരവധി വശങ്ങളടങ്ങിയതിനാൽ പാർട്ടി അത് വിശദമായി പഠിക്കുകയാണ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കാതെ സാമ്പത്തിക സംവരണം വേണമെന്നതാണ് കോൺഗ്രസ് നിലപാടെന്നും ജയ്റാം രമേശ് വ്യക്തത വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.