സാമ്പത്തിക ദേശവിരുദ്ധത’; ഇന്ധനവില വർധിപ്പിച്ചതിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി സാമ്പത്തികമായ രാജ്യവിരുദ്ധതയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. രാജ്യവും 130 കോടി ജനങ്ങളും കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളും തൊഴിലാളികളും കടയുടമകളും കൃഷിക്കാരും നിസ്സഹായരാണ്. ഒരോ രൂപക്കും വേണ്ടി കഷ്ടപ്പെടുന്ന ജനതയെ സർക്കാർ പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ച് ക്രൂശിക്കുകയാണെന്നും സുർജേവാല പറഞ്ഞു.
ഇന്ത്യയിലുടനീളം നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ ജനങ്ങളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നത് സാമ്പത്തികമായി ദേശവിരുദ്ധതയാണ്. നിയമവിരുദ്ധവും നിർബന്ധിതവുമായി നികുതി വീണ്ടെടുക്കൽ നടത്തുന്ന രീതിയും രാജ്യത്തെ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. മാർച്ച് 14ന് കേന്ദ്രം പെട്രോൾ- ഡീസൽ നികുതി ലിറ്ററിന് 3 രൂപ വെച്ച് വർധിപ്പിച്ചിരുന്നതായും സുർജേവാല ചൂണ്ടിക്കാട്ടി.
പെട്രോളിന് നികുതി 10 രൂപയും ഡീസലിന് 13 രൂപയുമാണ് കൂട്ടിയത്. 48 ദിവസത്തിനുള്ളിൽ കേന്ദ്രസർക്കാർ ഡീസലിന് ലിറ്ററിന് 16 രൂപയും പെട്രോളിന് 13 രൂപയും വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നികുതി വർധനവിലുടെ ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് പ്രതിവർഷം ഒരു ലക്ഷത്തി നാൽപതിനായിരം കോടി രൂപയാണ് തിരിച്ചുപിടിക്കുന്നത്.
2014 മെയ് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേൽക്കുമ്പോൾ, ഇന്ത്യൻ എണ്ണക്കമ്പനികളുടെ ഓയിൽ ബാസ്കറ്റ് വില 108 യു.എസ് ഡോളർ അല്ലെങ്കിൽ 6,330 രൂപയായിരുന്നു. അതായത് ലിറ്ററിന് 39.81 രൂപ. 2020 മെയ് 4 ന് ഇന്ത്യൻ എണ്ണക്കമ്പനികളിൽ ഓയിൽ ബാരലിന് 23.38 യുഎസ് ഡോളർ അല്ലെങ്കിൽ 1,772 രൂപയാണ്. ഇത് പ്രകാരം ഒരു ലിറ്റർ ഇന്ധനത്തിന്റെ വില 11.14 രൂപ. എന്നാൽ എന്തുകൊണ്ടാണ് പെട്രോളിന് 71.26 രൂപയും ഡീസലിന് 69.39 രൂപയും നിരക്കിൽ വിൽക്കുന്നതെന്ന് വിശദീകരിക്കാൻ മോദി സർക്കാറിന് കഴിയുമോയെന്നും സുർജേവാല ചോദിച്ചു.
അധികാരത്തിലിരുന്ന അഞ്ചര വർഷത്തിനിടെ പ്രധാനമന്ത്രി മോദി ഡീസലിന് നികുതി ലിറ്ററിന് 28.17 രൂപയും പെട്രോളിന് നികുതി 23.50 രൂപയും വർധിപ്പിച്ചു. ഇന്ധനവില കൊള്ളയിലൂടെ ആരാണ് ലാഭം നേടുന്നതെന്നും അമിത നികുതിയിലൂടെ നേടിയ പണം എന്തുചെയ്തുവെന്ന് വിശദീകരിക്കണമെന്നും രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.