ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ചയുടെ പാതയിൽ -മോദി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ദ്രുതഗതിയിലുള്ള വളർച്ചയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഹന, ഫാർമ, ടൂറിസം, ഭക്ഷ്യ സംസ്കരണ മേഖലകൾ അതിവേഗം വളരുമെന്നും യുവാക്കൾക്ക് മുന്നിൽ തൊഴിലവസരങ്ങൾ തുറന്നിടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാറിന്റെ തൊഴിൽ മേളയിൽ യുവാക്കൾക്ക് 51,000 നിയമന കത്തുകൾ വിതരണം ചെയ്ത് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വർഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറും. 2030ഓടെ ടൂറിസം മേഖല മാത്രം സമ്പദ്വ്യവസ്ഥയിലേക്ക് 20 ലക്ഷം കോടി രൂപ സംഭാവന ചെയ്യുമെന്നും 13-14 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര അർധസൈനിക സേന, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ഡൽഹി പൊലീസ് എന്നിവയിൽ നിയമനം ലഭിച്ചവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരിപാടിയിൽ പങ്കെടുത്തു. അതേസമയം, തൊഴിൽമേള മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാത്രമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത മോദിക്ക് അത് പാലിക്കാനായില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
‘2030ഓടെ വിനോദസഞ്ചാര മേഖലയിൽ 13-14 കോടി തൊഴിലവസരം’
ന്യൂഡൽഹി: 2030ഓടെ വിനോദസഞ്ചാര മേഖലയിൽ 13-14 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്), ശാസ്ത്ര സീമ ബൽ (എസ്.എസ്.ബി), അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), ഇൻഡോ-തിബത്തൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി), നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി), ഡൽഹി പൊലീസ് തുടങ്ങിയ വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് നിയമനം ലഭിച്ച 51,000ത്തിലധികം പേർക്കുള്ള നിയമനപത്രങ്ങൾ 45 ഇടങ്ങളിൽ നടന്ന തൊഴിൽമേളയിലായി വിഡിയോ കോൺഫറൻസിങ്ങിലൂടെ വിതരണം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.