ഇ.ഡി വേട്ട: പാർലമെന്‍റിൽ കോൺഗ്രസ് എം.പിമാരുടെ അടിയന്തര പ്രമേയം
text_fieldsന്യൂഡൽഹി: ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തു കൊണ്ട് ബി.ജെ.പി നടത്തുന്ന പ്രതികാര രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിൽ കോൺഗ്രസ് എം.പിമാരുടെ അടിയന്തര പ്രമേയം. കെ.സി വേണുഗോപാൽ രാജ്യസഭയിലും ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ എന്നിവർ ലോക്സഭയിലുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഇഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവ ഉൾപ്പെടെയുള്ള രാജ്യത്തെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് നിരവധി രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതായി രാജ്യസഭയിൽ നൽകിയ നോട്ടീസിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. പ്രതിപക്ഷ നേതാക്കളെയും സർക്കാരിനോട് ചോദ്യം ചോദിക്കുന്നവരെയും സർക്കാരിനെ വിമർശിക്കുന്നവരെയും വ്യാപകമായി വേട്ടായാടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. എതിരിൽ തെളിവില്ലാതെ പോയപ്പോൾ അടച്ചുവെച്ച കേസിന്റെ പേരിൽ തന്നെ അഞ്ചു ദിവസമാണ് പാർലമെന്റ് അംഗവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അതേ കേസിന്റെ പേരിൽ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാവും പാർലമെന്റ് അംഗവുമായ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നു.
രാജ്യത്ത് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും മറ്റും വ്യാപകമായ കുതന്ത്രങ്ങൾ നടപ്പിലാക്കുന്നതായി ശക്തമായ ആരോപണം നിലനിൽക്കുന്നുണ്ട്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭ തയാറായില്ലെങ്കിൽ വൈകാതെ ജനാധിപത്യ രാജ്യം അരാജത്വം നിറഞ്ഞ സ്വേച്ഛാധിപത്യത്തിലേക്ക് വീണു പോകുന്നത് കണ്ടുനിൽകേണ്ടി വരുമെന്ന് പ്രതാപൻ നോട്ടീസിൽ വ്യക്തമാക്കുന്നു.
ഇ.ഡി അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. വിഷയം പ്രാധാന്യമുള്ളതാണെന്നും സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നി ബഹനാൻ അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി: എളമരം കരീം അടിയന്തര പ്രമേയ നോട്ടീസ് നൽകി
അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും 5 ശതമാനം ജി.എസ്.ടി ചുമത്തിയ നടപടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം അടിയന്തര പ്രമേയ നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.