കള്ളപ്പണക്കേസ്: പഞ്ചാബ് ആപ് എം.എൽ.എയെ ഇ.ഡി അറസ്റ്റ് ചെയ്തു
text_fieldsചണ്ഡിഗഢ്: ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ആം ആദ്മി പാർട്ടി എം.എൽ.എ ജസ്വന്ത് സിങ് ഗജ്ജൻ മജ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ഹാജരാകാൻ പലതവണ സമൻസ് അയച്ചിട്ടും എത്താതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്.
മലേർകോട്‌ലയിൽ പൊതുയോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ, ഇ.ഡി ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. അമർഗഢ് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായ ഗജ്ജൻ മജ്രയെ തിങ്കളാഴ്ച വൈകീട്ട് മൊഹാലിയിലെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വർഷം 40.92 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിൽ സി.ബി.ഐ ഗജ്ജൻ മജ്രയുടെ സ്വത്ത് പരിശോധിച്ചതോടെയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
ഗജ്ജൻ മജ്രയെ പൊതുയോഗത്തിൽനിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് എ.എ.പി പഞ്ചാബ് വക്താവ് മൽവീന്ദർ സിങ് കാങ് ആരോപിച്ചു. പാർട്ടിയിൽ ചേരുന്നതിന് മുമ്പുതന്നെ എം.എൽ.എക്കെതിരെ കേസുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.