സോറന്റെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇ.ഡി
text_fieldsറാഞ്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വീട്ടിലെത്തി ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇ.ഡി). ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സി.ഐ.എസ്.എഫിന്റെയും സി.ആർ.പി.എഫിന്റെയും കനത്ത സുരക്ഷ അകമ്പടിയോടെ ഇ.ഡി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) എക്സിക്യൂട്ടിവ് പ്രസിഡന്റ് കൂടിയായ സോറന് നേരത്തേ ഏഴുതവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം അവഗണിക്കുകയായിരുന്നു. എട്ടാം തവണത്തെ നോട്ടീസിനുള്ള മറുപടിയിലാണ് ചോദ്യം ചെയ്യാൻ സമ്മതിച്ചത്.
അഡ്വക്കറ്റ് ജനറൽ രാജീവ് രഞ്ജൻ, ഡി.ജി.പി അജയ് സിങ്, റാഞ്ചി ഡെപ്യൂട്ടി കമീഷണർ രാഹുൽ കുമാർ സിഹ്ന തുടങ്ങിയവർ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു.
രാവിലെ പാർട്ടി എം.എൽ.എമാർ മുഖ്യമന്ത്രിയുടെ വീട്ടിൽ യോഗം ചേർന്നു. സാഹചര്യം ചർച്ച ചെയ്തതായും ഇ.ഡിയുടെ നിലപാടിനനുസരിച്ചായിരിക്കും ഭാവികാര്യങ്ങൾ തീരുമാനിക്കുകയെന്നും ജെ.എം.എം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ചില ഗോത്രവിഭാഗങ്ങളുടെ ഇ.ഡിക്കെതിരായ പ്രതിഷേധം പാർട്ടി ആഹ്വാനപ്രകാരമല്ലെന്നും സ്വാഭാവിക പ്രതികരണമാണെന്നും സുപ്രിയോ പറഞ്ഞു.
സോറന്റെ വീടിന്റെ പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. പ്രദേശത്ത് വൻ സുരക്ഷ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കളുടെ വസതിക്കും കാവൽ ഏർപ്പെടുത്തി.കോൺഗ്രസ് എം.എൽ.എമാരും സോറന്റെ വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമാണെന്ന് പി.സി.സി പ്രസിഡന്റ് രാജേഷ് താക്കൂർ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മാറ്റുന്ന റാക്കറ്റിനെതിരെയാണ് അന്വേഷണമെന്നാണ് ഇ.ഡിയുടെ ഭാഷ്യം. 14 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇ.ഡി സമൻസുകൾ തുടർച്ചായി അവണിക്കുകയാണുണ്ടായത്. ഡൽഹി മദ്യനയക്കേസിൽ ഇ.ഡി സമൻസുകൾ നാലുതവണയാണ് കെജ്രിവാൾ അവഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.