കെജ്രിവാളിന്‍റെ ഫോൺ പരിശോധിക്കാൻ ആപ്പിളിന്‍റെ സഹായം തേടി ഇ.ഡി; തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്താനെന്ന് എ.എ.പി.
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ മൊബൈൽ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയുടെ സഹായം തേടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ഐ ഫോണിന്‍റെ പാസ്വേർഡ് കെജ്രിവാൾ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. മൊബൈൽ കമ്പനിയുടെ സഹായം തേടിയത്.
കെജ്രിവാളിന്‍റെ ഫോണിലെ ഡേറ്റകളും ചാറ്റിങ് വിവരങ്ങളും ശേഖരിക്കാനാണ് ഇ.ഡിയുടെ നീക്കം. മദ്യനയ കേസിൽ മുതിർന്ന ഉദ്യോഗസ്ഥരും കെജ്രിവാളും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുള്ള തെളിവുകൾ കണ്ടെത്താനാണിത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി. ലക്ഷ്യമിടുന്നത്.
അതേസമയം, ഇ.ഡിയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തന്ത്രങ്ങളും പ്രീ പോൾ സഖ്യം സംബന്ധിച്ച വിവരങ്ങളും ചോർത്താനാണ് ഇ.ഡിയുടെ ശ്രമമെന്ന് എ.എ.പി ആരോപിച്ചു.
അതിനിടെ, കെജ്രിവാളിനെ ദിവസം അഞ്ച് മണിക്കൂർ ഇ.ഡി ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. എന്നാൽ, ചോദ്യം ചെയ്യലിനോട് കെജ്രിവാൾ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ. കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് ഇ.ഡി ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പതെണ്ണം ലഭിച്ചു.
മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍ നിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരില്‍ നിന്ന് തിരികെ എ.എ.പി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തില്‍ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.