ആംനസ്റ്റിയുടെ 17.66 കോടി കണ്ടുകെട്ടി ഇ.ഡി
text_fieldsന്യൂഡൽഹി: മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന ആഗോള സംഘടന ആംനസ്റ്റി ഇൻറർനാഷനലിെൻറ 17.66 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കേന്ദ്രസർക്കാറിെൻറ വേട്ടയാടൽ ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ലാഭേതര സന്നദ്ധ സംഘടനക്കെതിരായ കള്ളപ്പണ അന്വേഷണ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ ജംഗമ സ്വത്ത് പിടിച്ചെടുത്തത്.
ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇൻറർനാഷനൽ ട്രസ്റ്റ് എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നതാണ് ഈ തുക. ഈ രണ്ടു സ്ഥാപനങ്ങൾക്കും ആംനസ്റ്റി ഇൻറർനാഷനൽ സൗത്ത് ഏഷ്യ ഫൗണ്ടേഷൻ, ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അടിസ്ഥാനപ്പെടുത്തിയാണ് എൻഫോഴ്സ്മെൻറ് അന്വേഷണം.വിദേശ സംഭാവന നിയന്ത്രണ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും നിയമവിരുദ്ധമായി ആംനസ്റ്റി വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ചുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പലവട്ടം ആംനസ്റ്റിയുടെ ഇന്ത്യയിലെ ഓഫിസുകളിൽ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. നിർണായകമായ ചില റിപ്പോർട്ടുകൾ ആംനസ്റ്റി പുറത്തുവിട്ടതിനെ തുടർന്ന് വേട്ടയാടൽ നേരിടുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.