'മികച്ച സ്ഥാനാർഥികൾ ഇ.ഡിയോ സി.ബി.ഐയോ എൻ.ഐ.എയോ ആയിരിക്കും'; ബി.ജെ.പിയെ പരിഹസിച്ച് അഭിഷേക് ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ ലോക്‌സഭാ സീറ്റിലേക്കുള്ള മികച്ച സ്ഥാനാർഥികൾ ഇ.ഡിയോ സി.ബി.ഐയോ എൻ.ഐ.എയോ ആയിരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ബി.ജെ.പിക്ക് സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഡയമണ്ട് ഹാർബറിൽ നിന്ന് മത്സരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
"ഡയമണ്ട് ഹാർബർ സീറ്റിലേക്ക് ഏറ്റവും മികച്ച ബി.ജെ.പി സ്ഥാനാർഥി ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ എന്നിവയുടെ ഡയറക്ടർമാരായിരിക്കുമെന്ന് ഞാൻ കരുതുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിനും മത്സരിക്കാം. ഇതൊരു ജനാധിപത്യ രാജ്യമാണ്. എല്ലാ പാർട്ടികൾക്കും വ്യക്തികൾക്കും അവർ ആഗ്രഹിക്കുന്നിടത്ത് മത്സരിക്കാൻ അവകാശമുണ്ട്" -അഭിഷേക് ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി.ക്ക് എത്രമാത്രം പകപോക്കലുണ്ടെന്നതിന്‍റെ തെളിവാണിത്. ഡയമണ്ട് ഹാർബറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാൽ ഡയമണ്ട് ഹാർബറിൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 2014 മുതൽ അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ അസാൻസോളിലേക്കുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പരിഹാസം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് അഭിഷേക് ആരോപിച്ചു. ടി.എം.സി നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പിയും കേന്ദ്ര ഏജൻസികളും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും അഭിഷേക് ബാനർജി പറഞ്ഞു.
എൻ.ഐ.എ, ഇ.ഡി, സി.ബി.ഐ, ഐ.ടി എന്നിവയുമായി ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ തന്നെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെ രാജ്യവ്യാപകമായി നടപടിയുണ്ടായതിൽ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.