എന്തുവേണമെങ്കിലും നേരിടാൻ തയാർ, ഇ.ഡി കുറ്റപത്രം ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധം- ഡി.കെ. ശിവകുമാർ
text_fieldsന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിൽ തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമെന്ന് കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ. 2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.ഡിയെ തനിക്കെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. ഭരണകക്ഷിക്ക് അടിയറവുവെക്കാത്തവരെയും രാഷ്ട്രീയമായി അവർക്ക് വെല്ലുവിളി ഉയർത്തുന്നവരെയും ഇല്ലാതാക്കാനുള്ള ആസൂത്രണമാണിത്. എന്തുവേണമെങ്കിലും നേരിടാൻ തയാറാണ് -ഡി.കെ പറഞ്ഞു.
ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടിവന്ന 2017ലെ രാജ്യസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾ ഡി.കെക്കെതിരെ അന്വേഷണം തുടങ്ങിയത്. ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം ഒഴിവാക്കാൻ ഗുജറാത്തിൽനിന്ന് കോൺഗ്രസ് എം.എൽ.എമാരെ കർണാടകത്തിലെ റിസോർട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചിരുന്നു. ഇതിന് ചുക്കാൻ പിടിച്ചത് ശിവകുമാറാണ്.
നികുതിവെട്ടിപ്പ്, ഹവാല ഇടപാട്, വരവിൽ കവിഞ്ഞ സ്വത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ശിവകുമാറിനെതിരെ ഏറെ വൈകാതെ ആദായനികുതി വകുപ്പ് കേസെടുത്തു. നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. തൊട്ടുപിന്നാലെ ഇ.ഡിയും സി.ബി.ഐയും അന്വേഷണം നടത്തി. ശിവകുമാറിനും ഡൽഹി കർണാടക ഭവൻ ജീവനക്കാരനായ ആഞ്ജനേയ ഹനുമന്തയ്യക്കുമെതിരെ 2018ൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കുറ്റപത്രം.
ഇ.ഡി കുറ്റപത്രം സമർപ്പിച്ചുവെന്ന് ദേശീയ ചാനലുകളിലൂടെയാണ് അറിഞ്ഞതെന്ന് ശിവകുമാർ പറഞ്ഞു. 'അവർ കോടതിയിൽ നൽകിയെന്ന് പറയുന്ന കുറ്റപത്രത്തിന്‍റെ പകർക്ക് തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. കോടതിയിൽനിന്ന് പകർപ്പ് ലഭിക്കും. സാധാരണയായി ജയിലിലായി 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. എന്നാൽ, ഇവിടെ വലിയരീതിയിലുള്ള അന്വേഷണം കഴിഞ്ഞ് മൂന്ന് മൂന്നര വർഷത്തിനുശേഷമാണ് അവർ കുറ്റപത്രം നൽകിയതെന്നും ശിവകുമാർ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിൽ പൂർണ വിശ്വാസമുണ്ട്. അതിനെ അനുസരിക്കും' -അദ്ദേഹം വ്യക്തമാക്കി.
'കുറ്റപത്രം വരട്ടെ. അതിലൂടെ അവർക്ക് പുതിയ കാര്യം ഒന്നും ചെയ്യാനാകില്ല. എന്നാൽ, സുപ്രീംകോടതി വിധിക്ക് എതിരായി നേരത്തെ ആദായനികുതി വകുപ്പ് തനിക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുകയാണ്. ബി.ജെ.പി നേതാക്കൾ തന്നെ കോടതിയും ജഡ്ജിയും പൊലീസും അന്വേഷണ ഉദ്യോഗസ്ഥരുമാകുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി അവർ ഇറക്കുന്ന രാഷ്ട്രീയ ആയുധങ്ങളാണിത്. എല്ലാത്തിനെയും നേരിടും' -ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.