അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി ലഫ്റ്റനന്റ് ഗവർണറെ സമീപിച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതി കേസിൽ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന മുമ്പാകെയാണ് പ്രോസിക്യൂഷൻ അനുമതിക്കായി ഇ.ഡി അപേക്ഷ നൽകിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. എ.എ.പി ഡൽഹിയിൽ നാലാമതും അധികാരത്തിലെത്താൻ ലക്ഷ്യമിട്ട് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രോസിക്യൂഷൻ അനുമതിക്കായി ഇ.ഡി ഡൽഹി ലഫ്റ്റനന്റ് ഗവർണറെ സമീപിച്ചത്.
നവംബർ ആറിന് ജനപ്രതിനിധികളെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രോസിക്യൂട്ട് ചെയ്യണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. നേരത്തെ ഇതിന് മുൻകൂർ അനുമതിയുടെ ആവശ്യമുണ്ടായിരുന്നില്ല. മദ്യനയ അഴിമതി കേസിൽ മാർച്ച് 21ാം തീയതി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സി.ബി.ഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് രണ്ട് കേസുകളിലും കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കേസിൽ ഇ.ഡിയുടെ ഏഴാമത്തെ അനുബന്ധ കുറ്റപത്രം പരിഗണിച്ച് വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവംബറിൽ കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് കെജ്‌രിവാൾ തൻ്റെ ഹരജിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.