ജോലിക്ക് ഭൂമി: കോഴക്കേസിൽ ലാലു പ്രസാദ്, റാബ്രി ദേവി, തേജ് പ്രതാപ് എന്നിവർക്ക് ഇ.ഡി സമൻസ്
text_fieldsപട്ന: ജോലി ലഭിക്കാൻ കുറഞ്ഞ വിലക്ക് ഭൂമി കൈമാറിയെന്ന കേസിൽ ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസയച്ചു. റാബ്രി ദേവിയും തേജ് പ്രതാപും ചൊവ്വാഴ്ചയും ലാലു പ്രസാദ് ബുധനാഴ്ചയും ഹാജരാകണമെന്നാണ് ആവശ്യം. ഇതേ കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, തേജ് പ്രതാപ്, മകൾ ഹേമ യാദവ് എന്നിവരെ ഡൽഹി റൗസ് അവന്യൂ കോടതി വിളിപ്പിച്ചതിനു പിന്നാലെയാണ് ഇ.ഡിയുടെ നടപടി.
കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ സി.ബി.ഐയോട് റൗസ് അവന്യൂ കോടതി നിർദേശിച്ചിട്ടുണ്ട്. ലാലുപ്രസാദിന്‍റെ ഇളയ മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും സമൻസ് അയക്കാൻ കോടതി അന്വേഷണ ഏജൻസിയോട് നിർദേശിച്ചു. 30 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 78 പേരെയാണ് കേസിൽ സി.ബി.ഐ പ്രതിചേർത്തിട്ടുള്ളത്.
2004-2009 കാലയളവിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് അനധികൃതമായി നിയമനം നൽകാൻ ഉദ്യോഗാർഥികളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്. വിപണി മൂല്യത്തേക്കാൾ വളരെ താഴ്ന്ന വിലയ്ക്ക് ലാലുവിന്‍റെ ബന്ധുക്കളുടെ പേരിൽ ഭൂമി നൽകിയെന്ന് സി.ബി.ഐ പറയുന്നു. റാബ്രി ദേവി, പെൺമക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരുടെ പേരുകളിലാണ് ഭൂമി കൈമാറിയത്.
ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ലാലു പ്രസാദിനെയും തേജസ്വി യാദവിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.