ഇ.ഡി ഉദ്യോഗസ്ഥൻ 20 ലക്ഷം കൈക്കൂലി വാങ്ങവേ പിടിയിൽ
text_fieldsചെന്നൈ: ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി. എൻഫോഴ്‌സ്‌മെന്റ് ഓഫിസർ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാൾ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും സേവനമനുഷ്ഠിച്ചിച്ചിരുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അന്വേഷണം നേരിടുന്ന മധുരയ്ക്കടുത്ത ദിണ്ടിഗലിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറായ സുരേഷ് ബാബുവിൽനിന്നാണ് അങ്കിത് തിവാരി കൈക്കൂലി വാങ്ങിയത്.തിവാരിയിൽനിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തതായി തമിഴ്നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (ഡി.വി.എ.സി) വൃത്തങ്ങൾ അറിയിച്ചു.
ഇയാൾ ജോലി ചെയ്യുന്ന മധുരയിലെ ഇ.ഡി ഓഫിസിലും ഇയാളുടെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി. കഴിഞ്ഞമാസം സമാനമായ സംംഭവത്തിൽ രാജസ്ഥാനിൽ ഇഡി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആവശ്യപ്പെട്ടത് ഒരുകോടി രൂപ; വിലപേശി ഒടുവിൽ 51 ലക്ഷം
അഞ്ച് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസാണ് സുരേഷ് ബാബു നേരിടുന്നതെന്ന് ഡി.വി.എ.സി ഓഫിസർ പറഞ്ഞു. സുരേഷ് ബാബുവിനോട് രണ്ട് കോടി രൂപ കൈക്കൂലിയായി നൽകണമെന്ന് തിവാരി ആവശ്യപ്പെട്ടിരുന്നു. തന്നില്ലെങ്കിൽ ഇഡി അന്വേഷണം നടത്തുമെന്നായിരുന്നു ഭീഷണി. ഇത്രയും തുക നൽകാനാവില്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ 51 ലക്ഷം രൂപ നൽകണമെന്നായി തിവാരി.
ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന ഡോക്ടർ ഒരു മാസം മുമ്പ് 20 ലക്ഷം രൂപ നൽകിയിരുന്നു. ബാക്കി 31 ലക്ഷം രൂപ കൂടി നൽകണമെന്ന് തിവാരി നിരന്തരം ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിന്റെ ഡിണ്ടിഗലിലെ പ്രാദേശിക യൂണിറ്റിൽ ഡോക്ടർ പരാതി നൽകുകയായിരുന്നു.
#TamilNadu’s Directorate of Vigilance & Anti-Corruption (DVAC) Madurai branch verifying if he’s impersonating or indeed an ED officer. pic.twitter.com/JCGfISMpag
— Divya Chandrababu (@bydivyac) December 1, 2023
കെണിയൊരുക്കി വിജിലൻസ്
ഡി.വി.എ.സി (ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ) കേസ് രജിസ്റ്റർ ചെയ്യുകയും തിവാരിക്കായി കെണിയൊരുക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഫിനാഫ്തലിൻ പുരട്ടിയ 20 ലക്ഷം രൂപയുടെ കറൻസി കൈമാറുകയായിരുന്നു. ദിണ്ടിഗൽ-മധുര ഹൈവേയിൽ വച്ച് വെള്ളിയാഴ്ച പുലർച്ചെയാണ് ഇ.ഡി ഉദ്യോഗസ്ഥന് പണം കൈമാറിയത്. പണം കൈപ്പറ്റിയതിന് ശേഷം ഇയാൾ കാറിൽ കയറി പോയി. വഴിയിൽ കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കാർ പിന്തുടരുകയും കൊടൈക്കനാൽ റോഡ് ടോൾ പ്ലാസയിൽ വച്ച് തടഞ്ഞുനിർത്തി പണം കണ്ടെടുക്കുകയും ചെയ്തു. പിന്നാലെ തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.