അറ്റ്ലസ് ജ്വല്ലറിയുടെ ഓഫിസുകളിലും ലോക്കറുകളിലും ഇ.ഡി പരിശോധന
text_fieldsബംഗളൂരു: അറ്റ്ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡിന്റെ ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ബാങ്ക് ലോക്കറുകളിലും എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയിൽ 26.59 കോടിയുടെ സ്വത്ത് കണ്ടെടുത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മൂന്നു ദിവസമാണ് ഇ.ഡി പരിശോധന നടത്തിയത്. അറ്റ്ലസ് ജ്വല്ലറി പ്രമോട്ടർമാരായ എം.എം. രാമചന്ദ്രൻ, ഇന്ദിര രാമചന്ദ്രൻ എന്നിവർക്കെതിരെ തൃശൂർ തെക്കേനടയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസെടുത്തതെന്ന് ഇ.ഡി അറിയിച്ചു.
പണം, സ്ഥിരനിക്ഷേപം, സ്വർണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, വജ്രആഭരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. മനപ്പൂർവം ബാങ്കിൽ വ്യാജരേഖകൾ ഹാജരാക്കി 2013 മാർച്ച് 21നും 2018 സെപ്റ്റംബർ 26നും ഇടയിൽ 242.4 കോടി രൂപ വായ്പ തട്ടിയെടുത്തെന്നും തുക തിരിച്ചടച്ചില്ലെന്നുമാണ് പരാതി. ന്യൂഡൽഹിയിലെ അറ്റ്ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വാങ്ങുക വഴി 100 കോടിയുടെ നിക്ഷേപം എം.എം. രാമചന്ദ്രൻ നടത്തിയതായും ന്യൂഡൽഹി ആക്സിസ് ബാങ്കിന്റെ എസ്ക്രോ അക്കൗണ്ട് വഴി 14 കോടി രൂപ ട്രാൻസ്ഫർ ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.