രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ 25 സ്ഥലങ്ങളിലും ഓൺലൈൻ വാതുവെയ്പ് കുംഭകോണ കേസിൽ ഛത്തീസ്ഗഡിലും ഇ.ഡി റെയ്ഡ്.
പബ്ലിക് ഹെൽത്ത് എൻജിനീയറിങ് വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സുബോധ് അഗർവാളിന്റെ ഉൾപ്പെടെ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില എഞ്ചിനീയർമാർ, കരാറുകാർ, മുൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ്. ജയ്പൂരിലും ദൗസയിലുമാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പരിശോധനകൾ നടക്കുന്നത്.
സെപ്തംബർ ഒന്നിനും രാജസ്ഥാനിലെ നിരവധി നഗരങ്ങളിൽ ഇ.ഡി സമാനമായ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ രാജസ്ഥാൻ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്.
രാജസ്ഥാനിൽ കേന്ദ്ര സർക്കാരിന്റെ 'ജൽ ജീവൻ മിഷൻ' നടപ്പാക്കിയതിൽ 20,000 കോടി രൂപയുടെ അഴിമതി നടന്നതായി ബി.ജെ.പി രാജ്യസഭാ എം.പി കിരോഡി ലാൽ മീണ ജൂണിൽ ആരോപിച്ചിരുന്നു.
ഛത്തീസ്ഗഡിലെ ദുർഗ്, റായ്പൂർ, ഭിലായ്, കോർബ, റായ്ഗഡ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വിവാദമായ മഹാദേവ് ഓൺലൈൻ ആപ്പിന്റെ ഉടമസ്ഥർക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചിരുന്നു. നേരത്തെ ചില സിനിമാതാരങ്ങളെ ചോദ്യം ചെയ്തിരുന്നു. ഛത്തീസ്ഗഡിലെ ചില രാഷ്ട്രീയക്കാർക്ക് ഉൾപ്പെടെ ഇതിന്റെ ഗുണം ലഭിച്ചു എന്നാണ് ഇ.ഡി ഇപ്പോൾ അവകാശപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.