1,064 കോടിയുടെ ബാങ്ക് തട്ടിപ്പ്: ടി.ആർ.എസ് എം.പി നാമ നാഗേശ്വരയുടെ ഓഫീസിലും വീട്ടിലും റെയ്ഡ്
text_fieldsഹൈദരാബാദ്: 1,064 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ തെലുങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) എം.പി നാമ നാഗേശ്വരയുടെ ഓഫീസുകളിലും വീടുകളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) റെയ്ഡ്. ഹൈദരാബാദിലെ ആറു സ്ഥലങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.
റാഞ്ചി-ജംഷദ്‌പൂർ (എൻ.എച്ച് -33) പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് 2019 മാർച്ചിൽ റാഞ്ചി എക്സ്പ്രസ് വേ ലിമിറ്റഡ്, മധുകോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കാനറ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം എന്നിവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
2012 ഡിസംബറിൽ ആരംഭിച്ച ഈ പദ്ധതിയുടെ പൂർത്തീകരണം വൈകുന്നത് സംബന്ധിച്ച അന്വേഷണം നടത്താൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഒാഫീസിനോട് (എസ്.എഫ്.ഐ.ഒ) ഹൈകോടതി സ്വമേധയാ ഉത്തരവിട്ടിരുന്നു. പദ്ധതിയുടെ പുരോഗതി പരിശോധിക്കാതെ കാനറ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1029.39 കോടി രൂപ അനുവദിക്കുകയായിരുന്നു. ഇതിൽ 264 കോടി രൂപ ആരോപണം ഉയർന്ന കമ്പനികൾ വഴിതിരിച്ചുവിട്ടതായും എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്ന കമ്പനിയായ റാഞ്ചി എക്സ്പ്രസ് വേ ലിമിറ്റഡ്, മധുകോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കാനറ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.