സാന്റിയാഗോ മാർട്ടിന്റെ ഓഫിസിൽനിന്ന് 8.8 കോടി പിടിച്ചു
text_fieldsചെന്നൈ: ‘ലോട്ടറി രാജാവ്’ സാന്റിയാഗോ മാർട്ടിന്റെ ചെന്നൈയിലെ കോർപറേറ്റ് ഓഫിസിൽനിന്ന് 8.8 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാർട്ടിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ചെന്നൈ, കോയമ്പത്തൂർ ഉൾപ്പെടെ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഇ.ഡി റെയ്ഡ് രണ്ടാം ദിവസമായ വെള്ളിയാഴ്ചയും തുടർന്നു. കണക്കിൽപെടാത്ത 8.8 കോടി രൂപയും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.
കോയമ്പത്തൂരിലെ മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപനങ്ങളിലും വസതികളിലും ഓഫിസുകളിലും ചെന്നൈ തിരുവല്ലിക്കേണിയിലെ മകൻ ടൈസന്റെ കൺസ്ട്രക്ഷൻ കമ്പനിയിലും തേനാംപേട്ട ജെ.ജെ റോഡിലെ മരുമകൻ ആധവ് അർജുന്റെ അപ്പാർട്മെന്റിലുമാണ് റെയ്ഡ് അരങ്ങേറിയത്.
തമിഴ്നാട്ടിലെ പരിശോധനക്ക് പുറമെ ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടന്നു. ഈയിടെ മദ്രാസ് ഹൈകോടതി മാർട്ടിനെതിരായ നടപടികൾ തുടരാൻ ഇ.ഡിക്ക് അനുമതി നൽകിയിരുന്നു. സിക്കിം സംസ്ഥാന ലോട്ടറികളുടെ വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസാണ് മാർട്ടിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. പ്രമുഖ ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ)യുടെ മുഖ്യ ഭാരവാഹി കൂടിയാണ് ആധവ് അർജുൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.