രണ്ട് ജ്വല്ലറി ഗ്രൂപ്പുകളിൽനിന്ന് ഇ.ഡി 149 കോടിയുടെ ആഭരണം പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായ രണ്ട് രത്ന, സ്വർണാഭരണ വിപണന ഗ്രൂപ്പുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ 149 കോടി രൂപയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പിടിച്ചെടുത്തതിൽ 149.1 കോടിയുടെ ആഭരണങ്ങളും 1.96 കോടി രൂപയുടെ പണവും ഉൾപ്പെടുന്നതായി ഇ.ഡി അറിയിച്ചു.
എം.ബി.എസ് ജ്വല്ലേഴ്‌സ്, മുസദ്ദിലാൽ ജെംസ് ആൻഡ് ജ്വൽസ് ഇന്ത്യ ഡയറക്ടർമാരായ സുകേഷ് ഗുപ്ത, അനുരാഗ് ഗുപ്ത എന്നിവർക്കെതിരെ ഹൈദരാബാദിലും വിജയവാഡയിലുമായി ഒക്‌ടോബർ 17 നാണ് തിരച്ചിൽ ആരംഭിച്ചത്.
ഒക്ടോബർ 18ന് സുകേഷ് ഗുപ്തയെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രത്യേക കോടതി ഒക്ടോബർ 19 ന് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സ്വർണക്കട്ടി വാങ്ങുന്നതിൽ പൊതുമേഖല സ്ഥാപനമായ എം.എം.ടി.സി ലിമിറ്റഡിനെ വഞ്ചിച്ചതിന് സുകേഷ് ഗുപ്തക്കും കമ്പനികൾക്കുമെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ഹൈദരാബാദ് എം.എം.ടി.സിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് സുകേഷ് ഗുപ്ത ഇടപാടുകൾ നടത്തിയത്. ഇതുവഴി 504.34 കോടി എം.എം.ടി.സിക്ക് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.