ഡി.കെ. ശിവകുമാറിന് ഇ.ഡി സമൻസ്; മകൾക്ക് സി.ബി.ഐ നോട്ടീസ്
text_fieldsബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. ഫെബ്രുവരി 22ന് ഇ.ഡിക്ക് മുന്നിൽ ഹാജരാവാനാണ് നിർദേശമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.തന്റെ മകൾക്ക് സി.ബി.ഐയുടെ നോട്ടീസ് ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് സംഘടിപ്പിച്ച പ്രജാധ്വനി യാത്ര നയിക്കുകയാണ് ശിവകുമാർ. പ്രതിപക്ഷ പാർട്ടി നേതാക്കളെ മാത്രമാണ് ഇ.ഡിയും സി.ബി.ഐയും ലക്ഷ്യംവെക്കുന്നതെന്നും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കുനേരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രജാധ്വനി യാത്രക്കിടെ ബുധനാഴ്ച ശിവമൊഗ്ഗയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ദിവസവും നോട്ടീസ് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എന്റെ മകൾക്കാണ് ലഭിച്ചത്. പരീക്ഷാ ഫീസുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കോളജിലേക്ക് സി.ബി.ഐ നോട്ടീസ് അയക്കുന്നു. കോളജ് ഫീസിന്റെ പേരിൽ പോലും അവരെന്നെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ ഞാനെന്ത് പറയാനാണ്? എല്ലാം ദൈവത്തിന്റെ കൈകളിലാണ്- ശിവകുമാർ പറഞ്ഞു.
നാഷനൽ എജുക്കേഷൻ ഫൗണ്ടേഷൻ എന്ന ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് ഡി.കെ. ശിവകുമാർ. മകളായ ഡി.കെ.എസ്. ഐശ്വര്യ ട്രസ്റ്റ് സെക്രട്ടറിയും കുടുംബാംഗങ്ങൾ ട്രസ്റ്റ് അംഗങ്ങളുമാണ്.‘നാഷനൽ ഹെറാൾഡി’ന് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട് ഇ.ഡി മുമ്പ് ചോദ്യം ചെയ്യുകയും മറുപടി നൽകുകയും ചെയ്തതാണ്. ഇപ്പോൾ ഫെബ്രുവരി 22ന് വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ അവർ ആവശ്യപ്പെടുന്നു.
ഞാൻ പ്രജാധ്വനി യാത്രയുമായി മുന്നോട്ടുപോകണോ അതോ ഇ.ഡിക്ക് മുന്നിൽ ഹാജരാകണോ? എന്തു ചെയ്യാനാകുമെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇ.ഡിയും സി.ബി.ഐയും പ്രതിപക്ഷ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നത്. ഭരിക്കുന്ന പാർട്ടിയിലെ ആരെയും ചോദ്യംചെയ്യുന്നില്ല. ആയിരക്കണക്കിന് കോടി അവർ വെട്ടിച്ചിട്ടുണ്ടാവും. എന്നാൽ, ഇ.ഡി ഒന്നു ചോദ്യംചെയ്യുക പോലുമില്ല - അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് കീഴിലെ പത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവകുമാർ മുമ്പ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.ആദായ നികുതി വകുപ്പിന്റെ നടപടിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസിൽ 2019 സെപ്റ്റംബർ മൂന്നിന് ഡി.കെ. ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിലെയും ഡൽഹിയിലെയും വസതികളിലും സ്ഥാപനങ്ങളിലും ശിവകുമാറിന്റെ സഹായികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി വ്യാപക റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
കർണാടകയിലെ ബി.ജെ.പിയുടെ ഓപറേഷൻ താമരയെ തടയിടുന്നതിൽ കോൺഗ്രസിൽ ചുക്കാൻ പിടിച്ചയാളാണ് ശിവകുമാർ.ഇതാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ശിവകുമാറിനെ ബി.ജെ.പി സർക്കാർ വേട്ടയാടുന്നതിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. അറസ്റ്റിനുശേഷം തിഹാർ ജയിലിൽ കഴിഞ്ഞ ശിവകുമാറിന് പിന്നീട് ഡൽഹി ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.