നെഹ്റു കുടുംബത്തിന്റെ വാതിലിൽ മുട്ടി ഇ.ഡി; മുതലാക്കാൻ ബി.ജെ.പി
text_fieldsന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നെഹ്റു കുടുംബത്തിന്റെ വാതിലിൽ മുട്ടിവിളിക്കുമ്പോൾ രണ്ടു വിധത്തിൽ അത് മുതലാക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി.
ആരും തൊടാൻ ധൈര്യപ്പെടാത്ത, രാജ്യത്തെ ഒന്നാം നമ്പർ കുടുംബമാണെന്ന പ്രതാപത്തിന് പരിക്കേൽപിക്കുന്നതാണ് ഇ.ഡി നോട്ടീസ്. കോൺഗ്രസിന്റെ പ്രഥമ കുടുംബത്തെ സംശയനിഴലിലാക്കുന്നത് രാഷ്ട്രീയ ഗോദയിൽ എതിരാളികൾക്ക് ആയുധമാണ്.
സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതിയിൽ കഴമ്പില്ലെന്നും ഒളിച്ചോടില്ലെന്നും കോൺഗ്രസ് പറയുമ്പോൾ തന്നെ, കേസിൽ ഇ.ഡി സ്വീകരിക്കുന്ന അടുത്ത നീക്കങ്ങൾ കോൺഗ്രസിനെ പ്രശ്നത്തിലാക്കിയെന്നു വരാം. അന്വേഷണ നടപടികൾ അനിശ്ചിതമായി നീളുമ്പോൾ തെരഞ്ഞെടുപ്പു വേദികളിൽ ബി.ജെ.പി പ്രയോജനപ്പെടുത്തും. ജനങ്ങൾക്കിടയിൽ സംശയത്തിന്റെ പുകമറ നീക്കാൻ അതേക്കുറിച്ച് വിശദീകരിക്കാൻ കോൺഗ്രസ് ബാധ്യസ്ഥമാകും. കേസിൽ നിയമപരമായി നെഹ്റുകുടുംബം കുടുങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. കോൺഗ്രസിന്റെ ആസ്തി ബാധ്യതകളുടെ കൈമാറ്റം നടന്നത് കോൺഗ്രസിനുള്ളിലാണ്.
അതിനുള്ളിൽ നിന്ന് ആരും പരാതി നൽകിയിട്ടില്ല. പരാതി പുറത്തു നിന്നാണ്. അതല്ലെങ്കിൽ ഈ ആസ്തിക്ക് സർക്കാറുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടെന്ന് ഇ.ഡി സ്ഥാപിക്കേണ്ടി വരും. അത്തരത്തൽ നാഷനൽ ഹെറാൾഡിനുള്ള സ്വത്ത് മറ്റേതെങ്കിലും വിധത്തിൽ സ്വകാര്യ വ്യക്തികൾ കൈയടക്കിയെന്നും തെളിയിക്കേണ്ടി വരും. നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ, പരാതിയിൽ മൊഴി രേഖപ്പെടുത്തുന്നതിനാണ് സോണിയ-രാഹുൽ ഗാന്ധിമാരെ ഇ.ഡി വിളിച്ചത്.
സുബ്രമണ്യൻ സ്വാമിയുടെ പരാതി; പിന്നാലെ കേസ്
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ആസ്തി കോൺഗ്രസ് രൂപവത്കരിച്ച 'യങ് ഇന്ത്യ'യുടെ ഉടമസ്ഥതയിലേക്ക് മാറ്റിയതിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി 2013ൽ പരാതി നൽകിയിരുന്നു. തുടർന്ന്, യങ് ഇന്ത്യക്കെതിരെ ആദായനികുതി വകുപ്പ് നടത്തുന്ന അന്വേഷണം വിചാരണ കോടതിയുടെ പരിഗണനയിൽ വന്നതിനു പിന്നാലെയാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
യങ് ഇന്ത്യയുടെ പ്രമോട്ടർമാർ, ഓഹരി ഉടമകൾ എന്നിവരുടെ കൂട്ടത്തിൽ കോൺഗ്രസിന്റെ പ്രഥമ കുടുംബാംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമുണ്ട്. ഓഹരിയിൽ 76 ശതമാനവും ഇരുവരുടെയും പേരിലാണ്. യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പണം ദുരുപയോഗിക്കാൻ സോണിയയും രാഹുലും മറ്റും ഗൂഢാലോചന നടത്തിയെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ ആരോപണം. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കോൺഗ്രസിന് നൽകേണ്ട 90.25 കോടി രൂപ തിരിച്ചുപിടിക്കാൻ 50 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്ന് സ്വാമി ആരോപിക്കുന്നു. അഥവാ, ചുളുവിലക്ക് പ്രധാന ഓഹരി ഉടമകൾ ഭൂമിയും കെട്ടിടവും കൈക്കലാക്കി. സാം പിത്രോഡ, സുമൻ ദുബെ എന്നിവരും കേസിൽ എതിർ കക്ഷികളാണ്.
ക്രിമിനൽ നിയമവ്യവസ്ഥകൾ പ്രകാരമാണ് കേസെന്നിരിക്കേ, സോണിയയും രാഹുലും നേരത്തെ കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു. വിചാരണ കോടതിയിലെ കേസിൽ സോണിയ-രാഹുൽമാരോട് മറുപടി ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നോട്ടീസ് അയച്ചു. തെറ്റിദ്ധരിച്ചുള്ള പരാതിയാണ് സ്വാമിയുടേതെന്ന് ഇരുവരും മറുപടി നൽകി. സ്വത്തോ പണമോ ആരുടെയും പേരിലേക്ക് മാറ്റിയിട്ടില്ലെന്നും ലാഭേതരമായാണ് യങ് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. ഇ.ഡിയാകട്ടെ, കേസ് ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.