‘സുനന്ദയുടെ പശ്ചാത്തലം അന്വേഷിച്ചാൽ ഇ.ഡി റെയ്ഡ് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി’; തരൂരിനും ഗാന്ധി കുടുംബത്തിനുമെതിരെ ലളിത് മോദി
text_fieldsന്യൂഡൽഹി: ഐ.പി.എൽ ടീമായ കൊച്ചി ടസ്കേഴ്സുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്കും ഗാന്ധി കുടുംബത്തിനും എതിരെ പുതിയ ആരോപണങ്ങളുമായി ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദി. സുനന്ദ പുഷ്കറിന്‍റെ പശ്ചാത്തലം അന്വേഷിച്ചാൽ ഇ.ഡി റെയ്ഡ് ഉണ്ടാകുമെന്ന് തരൂർ ഭീഷണിപ്പെടുത്തിയതായി ലളിത് മോദി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ശശി തരൂരിന് കേന്ദ്ര സഹമന്ത്രി പദവിയും ഐ.പി.എൽ ചെയർമാൻ സ്ഥാനവും നഷ്ടമാകാൻ കാരണമായ കൊച്ചി ടസ്കേഴ്സ് വിവാദവുമായി ബന്ധപ്പെട്ടാണ് മോദിയുടെ പുതിയ ആരോപണം. കൊച്ചി ടസ്കേഴ്സിന്‍റെ ഉടമകളായ റെൻദോവൂ കൺസോർഷ്യത്തിൽ പ്രവാസി വനിതയായ സുനന്ദ പുഷ്കർക്ക് 4.75 ശതമാനം വിയർപ്പ് ഓഹരിയുണ്ടെന്ന് അറിഞ്ഞപ്പോൾ സംശയം തോന്നിയെന്ന് ലളിത് മോദി പറയുന്നു.
ബി.സി.സി.ഐക്ക് വേണ്ടി താൻ കരാറിൽ ഒപ്പിടണമെങ്കിൽ സുനന്ദയെ കുറിച്ച് കൂടുതൽ അറിയണമെന്ന് ഫ്രാഞ്ചൈസി ഉടമകളെ അറിയിച്ചതിന് പിന്നാലെ ശശി തരൂർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. സുനന്ദയെ കുറിച്ച് അന്വേഷിക്കരുതെന്ന് തരൂർ പറഞ്ഞുവെന്നും മോദി വ്യക്തമാക്കുന്നു.
കരാറിൽ ഒപ്പിടാൻ വൈകരുതെന്നും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് സമ്മർദമുണ്ടെന്നും പറഞ്ഞ് ബി.സി.സി.ഐ അധ്യക്ഷൻ ശശാങ്ക് മനോഹർ വിളിച്ചെന്നും ലളിത് മോദി പറയുന്നു.
കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് ഓഹരി വിഹിതത്തെ കുറിച്ചുള്ള വിവരങ്ങൾ ലളിത് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിവരങ്ങൾ പുറത്തായതോടെ രാജ്യത്ത് വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയും തരൂർ കേന്ദ്രമന്ത്രി പദം രാജിക്കുകയും ഉണ്ടായി.
2010 ഐ.പി.എൽ സീസണിന് പിന്നാലെ സാമ്പത്തിക ക്രമക്കേടും അച്ചടക്ക ലംഘനവും അടക്കം കുറ്റങ്ങൾ ചുമത്തി ബി.സി.സി.ഐ പദവിയിൽ നിന്ന് ലളിത് മോദിയെ സസ്പെൻഡ് ചെയ്തു. കുറ്റക്കാരനെന്ന് സ്ഥിരീകരിച്ചതോടെ 2013ൽ അജീവനാന്ത വിലക്കും ഏർപ്പെടുത്തി. വാർഷിക ഗ്യാരന്‍റി നൽകാത്തതിനെ തുടർന്ന് 2011ൽ കൊച്ചി ടസ്കേഴ്സിനെ ഐ.പി.എല്ലിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.