കാൽക്കീഴിലെ മണ്ണൊഴുകി; പളനി തിരിഞ്ഞുകൊത്തി
text_fieldsചെന്നൈ: കൈവെള്ളയിൽ ഭരണം വെച്ചുകൊടുത്ത മന്നാർഗുഡി കുടുംബത്തെ തള്ളിപ്പറയാൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ നിർബന്ധിതനാക്കിയത് സ്വന്തം കാൽക്കീഴിലെ മണ്ണൊഴുകിപ്പോകുന്നുെവന്ന തോന്നൽ. ജയിലിൽ പോകുന്നതിനു മുമ്പ് ശശികല, കഴിവുറ്റ പലരെയും പിന്തള്ളിയാണ് പളനിസാമിയെ മുഖ്യമന്ത്രി പദവിയിലിരുത്തിയത്. തന്നെയും കുടുംബത്തെയും പളനിസാമി തള്ളിപ്പറയില്ലെന്ന ഉറപ്പുണ്ടായിരുന്നു ശശികലക്ക്. എന്നാൽ, അതേ തമ്പിതന്നെ, മന്നാർഗുഡി കുടുംബത്തിെൻറ അന്ത്യം കുറിക്കാൻ മുന്നിട്ടിറങ്ങി.
ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുെട സ്ഥാനാർഥിയും മന്നാർഗുഡി കുടുംബാംഗവുമായ ടി.ടി.വി ദിനകരനെതിരായ ജനവികാരം പളനിസാമി അനുഭവിച്ചറിഞ്ഞു. പാർട്ടി അണികളിൽനിന്ന് ദിനകരനെതിരെ പരസ്യമായ എതിർപ്പുമുണ്ടായിരുന്നു. ഒ. പന്നീർസെൽവത്തിനൊപ്പം അണികൾ ആത്മാർഥതയോടെ അണിനിരന്നപ്പോൾ വാടകക്ക് എടുത്തവരുടെ കൂട്ടമാണ് ദിനകരെൻറ പ്രചാരണത്തിനെത്തിയത്. ഇത് തിരിച്ചറിഞ്ഞ പളനിസാമി ദിനകരനു വേണ്ടി പ്രചാരണത്തിനിറങ്ങിയില്ല.
സംസ്ഥാന ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കറിെൻറ വീട്ടിൽ നടത്തിയ ആദായനികുതി പരിശോധനയിൽ വോട്ട് മറിക്കാൻ പണമൊഴുക്കിയതിെൻറ രേഖകളിൽ മുഖ്യമന്ത്രിയുടെയും മറ്റ് അഞ്ചു മന്ത്രിമാരുടെയും പേരുകൾ ഉൾപ്പെട്ടത് മന്ത്രിസഭയുടെ ഭാവിയെ ബാധിക്കുമെന്ന ഭയം പളനിസാമിക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച മന്ത്രിസഭയെ വേണമെങ്കിൽ കേന്ദ്രത്തിന് പിരിച്ചുവിടാമെന്ന ആശങ്കയും പളനിസാമിയെ അലട്ടി. ഇതുസംബന്ധിച്ച വ്യക്തമായ സൂചനയും ലഭിച്ചിരുന്നു. ശശികലയെ ചുമന്ന് അധികനാൾ മുന്നോട്ടുപോകാനാകില്ലെന്ന് പളനിസാമി വിഭാഗം തിരിച്ചറിഞ്ഞു.
കഴിഞ്ഞ വിശ്വാസേവാെട്ടടുപ്പിനു ശേഷം മണ്ഡലങ്ങളിലേക്ക് മടങ്ങിയ മിക്ക എം.എൽ.എമാരും അണികളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംരക്ഷണയിലാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പന്നീർസെൽവം വിഭാഗത്തിനൊപ്പം നിൽക്കുന്നതും പളനിസാമി പക്ഷത്തിന് ഭീഷണിയായി. ജനപ്രതിനിധികളുെട എണ്ണത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും പാർട്ടി പേരും ചിഹ്നവും അനുവദിച്ചുകിട്ടാഞ്ഞത് രാഷ്ട്രീയ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം പന്നീർസെൽവം വിഭാഗത്തിന് ആദ്യ രാഷ്ട്രീയ വിജയമാണ് സമ്മാനിച്ചത്.
ഇൗ സാഹചര്യത്തിലാണ് തേടിയ വള്ളി കാലിൽചുറ്റിയതുപോലെ രണ്ടില ചിഹ്നം സ്വന്തമാക്കാനുള്ള കൈക്കൂലി ആരോപണം ദിനകരനെതിരെ വരുന്നത്. ഒട്ടും സമയം പാഴാക്കാതെ ദിനകരനെയും ശശികല ഉൾപ്പെട്ട മന്നാർഗുഡി കുടുംബത്തെയും ഒഴിവാക്കാൻ പളനിസാമിയും കൂട്ടരും തീരുമാനം എടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.