ഭരണകൂട വിമർശകർക്ക് നേരെ ആദായ നികുതി വേട്ടയെന്ന് എഡിറ്റേഴ്സ് ഗിൽഡ്
text_fieldsന്യൂഡൽഹി: ഭരണകൂട വിമർശനത്തിന് മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് മോദി സർക്കാർ പതിവാക്കി മാറ്റിയതിന് ഉദാഹരണം നിരത്തി എഡിറ്റേഴ്സ് ഗിൽഡ്. ഹിന്ദി ദിനപത്രങ്ങളായ ദൈനിക് ഭാസ്കർ, ഭാരത് സമാചാർ എന്നിവയിൽ 2021 ജൂണിൽ ബി.ബി.സിയിലെന്ന പോലെ ആദായ നികുതി വകുപ്പ് ‘സർവേ’ നടത്തി. 2021 സെപ്തംബറിൽ ന്യൂസ് ക്ലിക്, ന്യൂസ് ലോൺട്രി എന്നിവയിലും സമാനമായ പരിശോധന നടന്നു. 2021 ഫെബ്രുവരിയിലാണ് ന്യൂസ് ക്ലിക്കിന്‍റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ബി.ബി.സിയിൽ നടന്ന ആദായ നികുതി പരിശോധനയിൽ എഡിറ്റേഴ്സ് ഗിൽഡ് ഉത്കണ്ഠ പ്രകടിപ്പിച്ചു. വലിയ ചലനങ്ങൾ സൃഷ്ടിച്ച ബി.ബി.സിഡോക്യുമെന്‍ററി വിലക്കു കൊണ്ട് സർക്കാർ നേരിടുകയായിരുന്നു. ജനാധിപത്യത്തെ അവമതിച്ച് മാധ്യമ സ്ഥാപനങ്ങൾക്കു നേരെ നീങ്ങുന്നത് സർക്കാർ രീതിയായി.
മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും അവകാശങ്ങൾ അവമതിക്കാതെ അന്വേഷണം നടത്തുന്നതിന് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്. സ്വതന്ത്ര മാധ്യമങ്ങളെ പീഡിപ്പിക്കുന്നതിനുള്ള വഴിയായി അന്വേഷണങ്ങൾ മാറരുതെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.