കർഷക പ്രതിഷേധത്തിൽ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈകോടതി
text_fieldsഛണ്ഡിഗഢ്: ഡൽഹി ലക്ഷ്യമാക്കി കർഷകരുടെ മാർച്ച് നീങ്ങുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈകോടതി. ഇരുകക്ഷികളും ഒത്തുതീർപ്പിലെത്തണമെന്ന് ഹൈകോടതി നിർദേശിച്ചു. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം പാസാക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.
ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.എസ്.സന്ദ്‍വാലിയ, ജസ്റ്റിസ് ലാപിത ബാനർജി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്. പ്രശ്നത്തിൽ ഒത്തുതീർപ്പിൽ എത്തുന്നത് വരെ പ്രതിഷേധസ്ഥലങ്ങൾ സംസ്ഥാന സർക്കാറുകൾ നിശ്ചയിക്കണമെന്നും കോടതി നിർദേശമുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാറിനും പഞ്ചാബ്, ഹരിയാന, ഡൽഹി സർക്കാറുകൾക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.
കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് ഹരജികളാണ് കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്. ഇതിലൊന്ന് കർഷകർ ഡൽഹിയിൽ എത്താതിരിക്കാനായി ഹരിയാന സർക്കാർ നിയമവിരുദ്ധമായി റോഡ് അടച്ചതിന് എതിരെയാണ്. മറ്റൊരു ഹരജി പ്രതിഷേധക്കാർ സംസ്ഥാന-ദേശീയ ഹൈവേകൾ ബ്ലോക്ക് ചെയ്യുന്നതിനെതിരായാണ്.
പ്രതിഷേധം നടത്തുന്നവർ ഇന്ത്യക്കാരാണ് അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അതേസമയം, തന്നെ സ്വന്തം പൗരൻമാരെ സംരക്ഷിക്കാനുള്ള കടമ സംസ്ഥാന സർക്കാറിനും ഉണ്ടെന്ന് കോടതി ഓർമിപ്പിച്ചു. പ്രശ്നത്തിൽ തുറന്ന ചർച്ചക്ക് തയാറാണെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് ഹരജികൾ ഫെബ്രുവരി 15ന് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.