റിപ്പബ്ലിക് ദിനാഘോഷം; ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി മുഖ്യാതിഥിയാകും
text_fieldsന്യൂഡൽഹി: ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി മുഖ്യാതിഥിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഈജിപ്ത് പ്രസിഡന്റ് നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽസീസിക്ക് അയച്ച ഔപചാരിക ക്ഷണം ഒക്ടോബർ 16 ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈജിപ്ഷ്യൻ പ്രസിഡന്റിന് കൈമാറി. ഇരു രാജ്യങ്ങളും ഈ വർഷം നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. 2022-23 ജി20 ഉച്ചകോടിയിൽ അതിഥി രാജ്യമായി ഈജിപ്തിനെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
1950ൽ അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുക്കാർണോയെ മുഖ്യാതിഥിയായി ക്ഷണിച്ചതു മുതൽ സൗഹൃദ രാജ്യങ്ങളുടെ നേതാക്കൾ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. 1952ലും 1953ലും 1966ലും മുഖ്യാതിഥിയായി ഒരു വിദേശ നേതാവില്ലാതെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നത്.
2021ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ മുഖ്യാതിഥിയായി ക്ഷണിച്ചുവെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദർശനം റദ്ദാക്കുകയായിരുന്നു. 2020ൽ അന്നത്തെ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആയിരുന്നു മുഖ്യാതിഥി. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (2015), റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ (2007), മുൻ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സർക്കോസി (2008), ഫ്രാങ്കോയിസ് ഹോളണ്ട് (2016) എന്നിവരും മുമ്പ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.