കെജ്‌രിവാളിന്റെ വസതിക്ക് നേരേ ആക്രമണം: എട്ട് പേർ അറസ്റ്റിൽ
text_fieldsന്യുഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് അക്രമം നടത്തിയ കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടർന്ന് കൊണ്ടിരിക്കയാണെന്നും കൂടുതൽ പ്രതികളെ ഉടനെ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് സിനിമയെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി യുവമോർച്ച പ്രവർത്തകർ ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു.
ഐ.പി.സി സെക്ഷൻ 186, 188 , 353 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ 3 പ്രകാരവും പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ കാവി പാർട്ടിക്ക് കഴിയാത്ത സാഹചര്യത്തിൽ കെജ്‌രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലെ സി.സി.ടി.വി ക്യാമറകളും സുരക്ഷാ ബാരിക്കേഡുകളും പ്രവർത്തകർ തകർത്തതായി സിസോദിയ സൂചിപ്പിച്ചു.
എന്നാൽ കെജ്‌രിവാളിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി യുവജന വിഭാഗം അധ്യക്ഷൻ തേജസ്വി സൂര്യ രംഗത്തെത്തിയിട്ടുണ്ട്. കശ്മീർ ഫയൽസ് സിനിമയെക്കുറിച്ചുള്ള പരാമർശത്തിലൂടെ രാജ്യത്തെ ഹിന്ദുക്കളെയാണ് കെജ്‌രിവാൾ അപമാനിച്ചതെന്നും സംഭവത്തിൽ മാപ്പ് പറയണമെന്നും സൂര്യ പറഞ്ഞു. രാജ്യതാൽപ്പര്യങ്ങളെക്കാൾ കെജ്‌രിവാൾ എപ്പോഴും തന്റെ നിസ്സാര രാഷ്ട്രീയത്തിനും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും എ.എ.പിയുടെ ഈ നയം എല്ലായ്‌പ്പോഴും തീവ്രവാദികൾക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിനെതിരെ യുവമോർച്ച പ്രവർത്തകർ രാജ്യത്തുടനീളം നടത്തുന്ന പ്രതിഷേധം തുടരുമെന്നും മനുഷ്യത്വരഹിതമായ ചിന്തയ്‌ക്കെതിരെയാണ് ഈ പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.