എട്ട് പതിറ്റാണ്ടിലെ വിലക്കിന് അറുതി; തമിഴ്നാട്ടിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് ദലിതർ
text_fieldsചെന്നൈ: എട്ട് പതിറ്റാണ്ടായി പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രത്തിൽ ആരാധന നിർവഹിച്ച് ദലിതർ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ക്ഷേത്രത്തിലാണ് 200ഓളം ദലിത് വിഭാഗക്കാർ ജില്ല ഭരണകൂടത്തിന്റെയും പൊലീസിന്റെയും സംരക്ഷണത്തിൽ പ്രവേശിച്ചത്. വിറകും പൊങ്കൽ തയാറാക്കാനുള്ള ചേരുവകളും ദേവിക്ക് ചാർത്താൻ മാലയുമായാണ് സ്ത്രീകൾ എത്തിയത്.
തങ്ങൾക്ക് ഇതുവരെ ക്ഷേത്രത്തിന് പുറത്തുനിന്ന് ആരാധിക്കാനേ അവസരമുണ്ടായിരുന്നുള്ളൂവെന്നും അകത്ത് കയറി ദേവിയെ കാണുകയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും ഇവർ പറഞ്ഞു. ദലിതർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാൻ ജില്ല ഭരണകൂടം ഉയർന്ന ജാതിക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ദലിതരുടെ ക്ഷേത്ര പ്രവേശനം തടയാൻ ആയിരത്തോളം ഉയർന്ന ജാതിക്കാർ ക്ഷേത്രത്തിന് മുമ്പിൽ നിലയുറപ്പിച്ചിരുന്നു. ഇതിനാൽ 400 പൊലീസുകാരെ പ്രദേശത്ത് സുരക്ഷക്കായി നിയോഗിച്ചിരുന്നു. ബാർബർ ഷോപ്പിലും ഭക്ഷണശാലകളിലുമെല്ലാം തങ്ങൾ വിവേചനം നേരിടുന്നതായി പ്രദേശവാസികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.