'ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ്' പഠിക്കാൻ എട്ടംഗ സമിതി; അമിത് ഷാ, അധീർ ചൗധരി, ഗുലാം നബി അംഗങ്ങൾ
text_fieldsന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ സമിതി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര-നിയമ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ശനിയാഴ്ച എട്ടംഗ സമിതിക്ക് രൂപം നൽകി. എട്ടംഗ സമിതിയിൽ അമിത് ഷാ, അധീർ ചൗധരി, ഗുലാം നബി എന്നിവർ അംഗങ്ങളാണ്.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരെ കൂടാതെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഉന്നതതല സമിതി യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി: എന്താണ് പഠന ലക്ഷ്യം?
വിജ്ഞാപനത്തിൽ അനുശാസിക്കുന്ന പ്രകാരം, ഇന്ത്യൻ ഭരണഘടനയ്ക്കും മറ്റ് നിയമപരമായ ചട്ടക്കൂടുകൾക്കും കീഴിലുള്ള നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകൾ എന്നിവ സമിതിയുടെ കീഴിൽ പരിശോധിക്കും. കൂടാതെ വ്യവസ്ഥകൾ, ഭരണഘടന, ജനപ്രാതിനിധ്യ നിയമം,1950, ജനപ്രാതിനിധ്യ നിയമം, 1951, അതിന് കീഴിലുണ്ടാക്കിയ ചട്ടങ്ങൾ, ഭേദഗതികൾ ആവശ്യമായ മറ്റേതെങ്കിലും നിയമങ്ങൾ അല്ലെങ്കിൽ ചട്ടങ്ങൾ എന്നിവ പരിശോധിച്ച് ശിപാർശ ചെയ്യുക എന്നിവയാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. പ്രധാനമായും രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതിന്‍റെ സാധ്യതകൾ കണ്ടെത്തുക എന്നതാണ് കമ്മറ്റിയുടെ പ്രധാന ലക്ഷ്യം.
കൂടാതെ തൂക്കുസഭ, അവിശ്വാസ പ്രമേയം അംഗീകരിക്കൽ, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളുണ്ടെങ്കിൽ സമിതി വിശകലനം ചെയ്യുകയും സാധ്യമായ പരിഹാരങ്ങൾ ശിപാർശ ചെയ്യാനും കമ്മിറ്റിക്ക് കഴിയും. എട്ടംഗ സമിതി തെരഞ്ഞെടുപ്പുകൾ സമന്വയിപ്പിക്കുന്നതിനുള്ള നിയമചട്ടങ്ങളും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും നിർദേശിക്കും. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ ലോജിസ്റ്റിക്‌സും ഇ.വി.എമ്മുകളും വിവിപാറ്റുകളും, മനുഷ്യശേഷിയും സമിതി പരിശോധിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
എന്താണ് 'ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ്' ലക്ഷ്യമിടുന്നത് '?
1967 വരെ സംസ്ഥാന അസംബ്ലികളിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നു. എന്നിരുന്നാലും, 1968ലും 1969ലും ചില നിയമസഭകൾ അകാലത്തിൽ പിരിച്ചുവിട്ടതിനെത്തുടർന്ന് 1970-ൽ ലോക്‌സഭ പിരിച്ചുവിട്ടു. ഇത് രാജ്യത്തിന്‍റെയും സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഷെഡ്യൂളുകളിലും മാറ്റം വരുത്തി. തന്മൂലം നിയമ കമ്മീഷൻ അതിന്റെ 170-ാം റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഒരേസമയം തിരഞ്ഞെടുപ്പ് ശുപാർശ ചെയ്തു. ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും അഞ്ച് വർഷത്തിലൊരിക്കൽ ഒരു തിരഞ്ഞെടുപ്പ് എന്നതായിരിക്കണം നിയമം,” ലോ കമ്മീഷൻ റിപ്പോർട്ട് പറയുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്തോ അതിനുമുമ്പോ കുറഞ്ഞത് 10 സംസ്ഥാന നിയമസഭകളുടെ കാലാവധി അവസാനിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കെ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.