അഫ്ഗാൻ വിഷയത്തിൽ യോജിച്ചു പ്രവർത്തിക്കാൻ എട്ടു രാജ്യങ്ങൾ
text_fieldsന്യൂഡൽഹി: ആഗോള ഭീകരതയുടെ സുരക്ഷിത താവളമായി അഫ്ഗാനിസ്താൻ മാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ, റഷ്യ, ഇറാൻ എന്നിവയടക്കം എട്ട് മധ്യേഷ്യൻ രാജ്യങ്ങളുടെ ആഹ്വാനം. കസഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബകിസ്താൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഇന്ത്യയുടെ മുൻകൈയിൽ ഡൽഹിയിൽ നടത്തിയ സുരക്ഷവിഭാഗം മേധാവികളുടെ യോഗത്തിലാണ് ഈ ആഹ്വാനം.
അഫ്ഗാനിൽ തുറന്ന മനസ്സുള്ള, എല്ലാവരെയും ഉൾച്ചേർക്കുന്ന ഒരു ഭരണകൂടം രൂപവത്കരിക്കണമെന്ന കാഴ്ചപ്പാടും യോഗം മുന്നോട്ടുവെച്ചു. അഫ്ഗാെൻറ മണ്ണിൽ ഭീകരത ഏതെങ്കിലും വിധത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് യോഗം അംഗീകരിച്ച പ്രഖ്യാപനത്തിൽ പറഞ്ഞു.
അഫ്ഗാെൻറ പരമാധികാരവും ഐക്യവും അതിർത്തി ഭദ്രതയും മാനിക്കപ്പെടണം. ആഭ്യന്തര കാര്യങ്ങളിൽ പുറംരാജ്യങ്ങളുടെ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ല. അഫ്ഗാനിലെ മോശമാകുന്ന സാമൂഹിക, സാമ്പത്തിക, മാനുഷിക സാഹചര്യങ്ങളിൽ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു. അഫ്ഗാൻ ജനതക്ക് അടിയന്തര സഹായങ്ങൾ എത്തിക്കേണ്ടതുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ അധ്യക്ഷതയിലാണ് യോഗം നടന്നത്.
അഫ്ഗാനിസ്താനിലെ സമീപകാല സംഭവങ്ങൾ ആ രാജ്യത്തോ അയൽപക്കത്തോ മാത്രമല്ല, മേഖലയിലാകെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് യോഗം നിരീക്ഷിച്ചു. സുരക്ഷ സാഹചര്യങ്ങൾ യോഗം വിലയിരുത്തിയതായും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു. യോഗ ശേഷം സുരക്ഷ മേധാവികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.