അല്ലു അർജുന്റെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: തെലുഗ് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിനു നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് വീടിന് നേരെ കല്ലേറുണ്ടായത്. ‘പുഷ്പ -2’ സിനിമ പ്രചാരണപരിപാടിക്കിടെ തിരക്കിൽപെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ട് വീടിനു മുന്നിൽ പ്രതിഷേധിച്ചവർ കല്ലെറിയുകയായിരുന്നു.
പ്ലക്കാർഡുകളുമേന്തി ഒരുകൂട്ടമാളുകൾ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കനത്തസുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. എന്നാൽ, ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവരിൽ ചിലർ മതിലിനു മുകളിൽ കയറി വീടിന് കല്ലെറിയുകയായിരുന്നു. ഇതോടെ, പൊലീസ് ഇടപെട്ടു. സ്ഥലത്ത് വലിയ സംഘർഷാവസ്ഥയായി. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.
അതിനിടെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾ നിഷേധിച്ച് നേരത്തേ അല്ലു അർജുൻ രംഗത്തെത്തിയിരുന്നു. റോഡ്ഷോ നടത്തിയെന്നും തിയറ്ററിലെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തെന്നും ആരോപിച്ച് രേവന്ത് റെഡ്ഡി പേര് പരാമർശിക്കാതെ നടനെ വിമർശിച്ചിരുന്നു. എന്നാൽ, പുഷ്പ-2 റിലീസിനിടെ യുവതി മരിച്ച സംഭവം തികച്ചും അപകടമാണെന്നായിരുന്നു അല്ലു അർജുന്റെ പ്രതികരണം.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന ശേഷമാണ് അല്ലു അര്ജുന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് അല്ലു അർജുൻ പ്രഖ്യാപിച്ചിരുന്നു. ആശ്വാസധനമായി 25 ലക്ഷം രൂപ നൽകുമെന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.