24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 81.42 ശതമാനം കോവിഡ് കേസുകളും എട്ട് സംസ്ഥാനങ്ങളിൽനിന്ന്
text_fieldsന്യൂഡൽഹി: രാജ്യത്തെ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരിൽ 81.42 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽനിന്ന്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ.
6,58,909 കോവിഡ് ബാധിതരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ 5.32 ശതമാനമാണ് ഇത്.
രാജ്യത്തെ കോവിഡ് കേസുകളിൽ 50 ശതമാനവും 10 സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുണെ, മുംബൈ, നാഗ്പുർ, താനെ, നാസിക്, ബംഗളൂരു, ഔറംഗാബാദ്, ഡൽഹി, അഹ്മദ്നഗർ, നാണ്ടഡ് ജില്ലകളിലാണ് ഇത് കൂടുതൽ.
മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിൽ ഒമ്പതു മടങ്ങാണ് വർധനയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ ചികിത്സയിലുള്ള 77.3 ശതമാനം കേസുകളും അഞ്ചു സംസ്ഥാനങ്ങളിൽനിന്നാണ്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് അവ. മഹാരാഷ്ട്രയിൽ മാത്രം ഇത് 59.36 ശതമാനമാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 44,202 പേർക്ക് രോഗം ഭേദമായപ്പോൾ 714 പേർ മരണത്തിന് കീഴടങ്ങിെയന്നും ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,92,260 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 1,15,69,241 ആയി. ഇതുവരെ 1,64,110 പേർക്ക് വൈറസ് ബാധയിൽ ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 6,58,909 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കേരളമടക്കം 11 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കജനകമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും പരിശോധനകളിൽ 70 ശതമാനത്തിലേറെയും ആർ.ടി.പി.സി.ആർ ആയിരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.