ഇന്ത്യൻ സൈന്യത്തിന് ഇനി അപ്പാച്ചെ കോപ്ടറുകളുടെ കരുത്ത്
text_fieldsപത്താൻകോട്ട്: ഇന്ത്യൻ സേനയുടെ കരുത്തുകൂട്ടി അമേരിക്കൻ നിർമിത എട്ട് അപ്പാച്ചെ ഹെ ലികോപ്ടറുകൾ വ്യോമസേനയുടെ ഭാഗമായി. അതിനൂതന സംവിധാനങ്ങളുള്ള എ.എച്ച്-64 ഇ വിഭാഗത്തിൽപ്പെടുന്ന ഹെലികോപ്ടറുകളാണ് പത്താൻകോട്ട് സേനതാവളത്തിൽ നടന്ന ചടങ്ങിൽ വ്യോമസേനയുടെ ഭാഗമാക്കിയത്. ബോയിങ് കമ്പനി നിർമിക്കുന്ന അപ്പാച്ചെ, യു.എസ് അടക്കം 16 രാജ്യങ്ങളിലെ സേനകളുടെ കരുത്താണ്.
ശത്രുപക്ഷത്ത് കനത്തനാശം വിതക്കാൻ കഴിയുന്ന വിവിധോദ്ദേശ്യ ആക്രമണ കോപ്ടറായ അപ്പാച്ചെയിൽ 1200 വട്ടം തുടർച്ചയായി വെടിയുതിർക്കാൻ കഴിയുന്ന 300 എം.എം യന്ത്രത്തോക്ക്, ആകാശത്തുനിന്ന് ആകാശത്തേക്കും ആകാശത്തുനിന്ന് ഭൂമിയിലേക്കും തൊടുക്കാവുന്ന മിസൈലുകൾ, 700 എം.എം റോക്കറ്റുകൾ എന്നിവ ഘടിപ്പിക്കാം. 360 ഡിഗ്രിയിൽ ആക്രമണ പ്രതിരോധം തീർക്കുന്ന അത്യാധുനിക റഡാറും ഇരുട്ടിലും പ്രവർത്തിക്കുന്ന കാമറ സംവിധാനങ്ങളും ഇതിലുണ്ട്.
കോപ്ടർ പറത്തുന്ന ഇന്ത്യൻ വ്യോമസേനാംഗങ്ങൾക്ക് അലബാമയിലെ യു.എസ് സേന താവളമായ ഫോർട്ട് റൂക്കറിൽ നേരത്തേ പരിശീലനം നൽകിയിരുന്നു. 2015 സെപ്റ്റംബറിലാണ് 22 അപ്പാച്ചെ ഹെലികോപ്ടറുകൾ വാങ്ങാൻ അമേരിക്കയുമായി ഇന്ത്യ കോടികളുടെ കരാറിൽ ഒപ്പുവെച്ചത്.
2020 ഓടെ ബാക്കി കോപ്ടറുകൾ രാജ്യത്തിന് ലഭിക്കും. രാത്രി-പകൽ ഭേദമില്ലാതെയും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്നതാണ് അപ്പാച്ചെയെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ ചടങ്ങിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.