താജ് മഹൽ ഒന്നുകിൽ അടച്ചുപൂട്ടുക; അല്ലെങ്കിൽ പൊളിച്ചുനീക്കൂ -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ് മഹലിനോടുള്ള കേന്ദ്രസർക്കാറിന്‍റെ അവഗണനക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഒന്നുകിൽ ഈ സ്മാരകം അടച്ചുപൂട്ടുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്നും അല്ലെങ്കിൽ പൊളിച്ചുനീക്കാൻ ഞങ്ങൾ ഉത്തരവിടുമെന്നും കേന്ദ്രത്തിന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ചരിത്ര സ്മാരകത്തിന്‍റെ അറ്റകുറ്റപണി സമയബന്ധിതമായി നിർവഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രസർക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്.
ഈഫൽ ടവറിനെ താരതമ്യം ചെയ്തു കൊണ്ടാണ് സുപ്രീംകോടതി താജ്മഹലിന്‍റെ മനോഹാരിതയെ ചൂണ്ടിക്കാട്ടിയത്. വെറും ടി.വി ടവർ പോലുള്ള ഈഫൽ ടവർ വിനോദ സഞ്ചാരികളുടെ യൂറോപ്പിലെ ഇഷ്ട കേന്ദ്രമാണ്. 80 ലക്ഷം സന്ദർശകരാണ് ഈഫൽ ടവർ കാണാൻ എത്തുന്നത്. എന്നാൽ, നമ്മുടെ താജ് മഹൽ അതിനേക്കാൾ എത്ര മനോഹരമാണ്. മികച്ച രീതിയിൽ പരിപാലിച്ചാൽ വിദേശ നാണ്യം വർധിപ്പിക്കാൻ സർക്കാറിന് സാധിക്കും. നിങ്ങളുടെ ഉദാസീനത കൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
താജ് മഹൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ വ്യാവസായിക യൂനിറ്റ് ആരംഭിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് ലംഘിച്ച സംഭവത്തിൽ താജ് ട്രപീസിയം സോണി (ടി.ടി.ഇസഡ്)നോട് സുപ്രീംകോടതി വിശദീകരണം തേടി. നേരത്തെ, താജിന്‍റെ പരിപാലനത്തിൽ വീഴ്ച വരുത്തിയ ആർക്കിയോളജിക്കൽ സർവെ ഒാഫ് ഇന്ത്യയെ സുപ്രീംകോടതി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.