മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വർളിയിൽ ആദിത്യ താക്കറെയെ നേരിടാൻ മിലിന്ദ് ദിയോറയെ രംഗത്തിറക്കി ഷിൻഡെ
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വർളിയിൽനിന്ന് മത്സരിക്കുന്ന ശിവസേന (ഉദ്ധവ് വിഭാഗം) നേതാവും നിലവിലെ എം.എൽ.എയുമായ ആദിത്യ താക്കറെയെ നേരിടാൻ കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ മിലിന്ദ് ദിയോറയെ രംഗത്തിറക്കി ഷിൻഡെ വിഭാഗം ശിവസേന. ഇടത്തരക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും പിന്തുണ നേടാനായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിയോറയെ സ്ഥാനാർഥിയാക്കിയത്. ദിയോറ ഉൾപ്പെടെ 20 പേരുടെ സ്ഥാനാർഥിത്വമാണ് ഞായറാഴ്ച ശിവസേന പ്രഖ്യാപിച്ചത്. രാജ്യസഭാ എം.പിയായ മിലിന്ദ് ദിയോറ ഇക്കൊല്ലമാദ്യമാണ് മറുകണ്ടം ചാടിയത്.
ദിൻദോഷി മണ്ഡലത്തിൽനിന്ന് സഞ്ജയ് നിരുപവും ബി.ജെ.പി എം.പി നാരായൺ റാണയുടെ മകൻ നിലേഷ് റാണ കൂടൽ മണ്ഡലത്തിലും മത്സരിക്കും. ബി.ജെ.പി വിട്ട് ശിവസേനയിലെത്തിയ മുർജി പട്ടേൽ, അന്ധേരി ഈസ്റ്റിൽ സ്ഥാനാർഥിയാകും. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ സന്ദീപ് ദേശ്പാണ്ഡെയും വർളിയിൽ മത്സരരംഗത്തുണ്ട്. നവംബർ 20ന് ഒറ്റ ഘട്ടമായാണ് സംസ്ഥാനത്തെ 288 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.