'എൻ.ജി.ഒകളിൽ അർബൻ നക്സലുകൾ'; പരാമർശത്തിൽ ഏക്നാഥ് ഷിൻഡെക്ക് വക്കീൽ നോട്ടീസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ എൻ.ജി.ഒകളിൽ അർബൻ നക്സലുകളിൽ നുഴഞ്ഞുകയറിയെന്നും അവരാണ് സർക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നുമുള്ള പരാമർശത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്ക് വക്കീൽ നോട്ടീസ്. പൂണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് നോട്ടീസ് അയച്ചത്. ഷിൻഡെ പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം.
അർബൻ നക്സലുകളാണ് എൻ.ജി.ഒകൾക്കുള്ളിൽ കടന്നുകയറി സർക്കാറിനെതിരെ നുണപ്രചാരണം നടത്തുന്നത്. എല്ലാ എൻ.ജി.ഒകളും മോശമാണെന്ന് താൻ പറയുന്നില്ല. ചിലത് സർക്കാർ വിരുദ്ധമാണ്. അവർ നുണപ്രചാരണം തുടരുകയാണെന്ന് നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂൺ 16ന് നടന്ന യോഗത്തിൽ ഷിൻഡെ പറഞ്ഞു.
ബാലകൃഷ്ണയെന്നയാളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. നിർഭയ് ബാനോ പീപ്പിൾസ് മൂവ്മെന്റ് എന്ന സംഘടനയുടെ ഭാരവാഹിയായ തനിക്ക് മുഖ്യമന്ത്രിയുടെ പരാമർശം ശരിയായി തോന്നിയില്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ അദ്ദേഹം ഇതായിരുന്നില്ല പറയേണ്ടതെന്നും ബാലകൃഷ്ണ വ്യക്തമാക്കി.
അഭിഭാഷകനായ അസിം സരോദ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അർബൻ നക്സലുകളുള്ള എൻ.ജി.ഒകളെ കുറിച്ച് അറിയുമായിരുന്നെങ്കിൽ പൊലീസിനെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാളെന്ന നിലയിൽ മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും നോട്ടീസിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.