യു.പിയിൽ മുസ്ലിം വയോധികനെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മർദനം, താടി മുറിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ലോനിയിൽ പള്ളിയിലേക്ക് പോയ മുസ്ലിം വയോധികനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ഉച്ചരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
ജൂൺ അഞ്ചിനായിരുന്നു സംഭവം. ഇതിൻെറ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അബ്ദുസ്സമദ് ഓട്ടോറിക്ഷയിൽ പോകുേമ്പാൾ ആക്രമകാരികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സമീപത്തെ വനപ്രദേശത്തുള്ള കുടിലിലേക്ക് വലിച്ചിഴച്ചു. റൂമിൽ പൂട്ടിയിട്ട ശേഷം ജയ് ശ്രീ റാം, വന്ദേമാതരം എന്നിവ ഉച്ചരിക്കാൻ ആക്രോശിച്ചു. ഇതിന് വിസമ്മതിച്ചതോടെ വടികൊണ്ട് മർദിക്കുന്നത് വിഡിയോയിൽ കാണാം.
സമദ് പാകിസ്താൻ ചാരനാണെന്നും അക്രമകാരികൾ പറയുന്നുണ്ട്. മൂന്നുപേർ ചേർന്നാണ് ആക്രമിക്കുന്നത്. ഇതിൽ ഒരാൾ സമദിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും താടി മുറിക്കുകയും ചെയ്തു.
'പള്ളിയിൽ പോകുേമ്പാൾ ഒരാൾ ഓട്ടോറിക്ഷയുമായി വന്ന് ലിഫ്റ്റ് നൽകി. പിന്നീട് രണ്ടുപേർ കൂടി അതിൽ കയറി. എന്നിട്ട് അവർ എന്നെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി തല്ലി. മുദ്രാവാക്യങ്ങൾ വിളിക്കാൻ അവർ നിർബന്ധിച്ചു. അവർ എൻെറ മൊബൈൽ എടുത്തു. കത്തിയെടുത്ത് താടി മുറിച്ചു' -കണ്ണീരൊഴുക്കി സമദ് പറഞ്ഞു.
'മറ്റു മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്നതിൻെറ ഒരു വീഡിയോ അവർ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്‌ലിംകളെ കൊന്നതായി അവർ പറയുന്നുണ്ടായിരുന്നു' -സമദ് കൂട്ടിച്ചേർത്തു.
പ്രധാന പ്രതിയെന്ന് കരുതുന്ന പ്രവേഷ് ഗുജ്ജറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ലോനിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ സോങ്കർ പറഞ്ഞു. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.