വൃദ്ധയായ റോഹിങ്ക്യൻ അഭയാർഥി ജമ്മുവിലെ തടങ്കൽ കേന്ദ്രത്തിൽ മരിച്ചു
text_fieldsശ്രീനഗർ: മൂന്നര വർഷമായി ജമ്മുവിലെ ഹിരാ നഗറിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുകയായിരുന്ന വൃദ്ധയായ റോഹിങ്ക്യൻ അഭയാർഥി മരിച്ചു. 2021 മാർച്ച് മുതൽ തടവിൽ കഴിയുന്ന ലാലു ബീബി ആണ് ബുധനാഴ്ച മരിച്ചത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. 270 ഓളം അഭയാർഥികൾ അനിശ്ചിതകാല തടവിൽ കഴിയുന്ന ഇവിടെ മരണപ്പെടുന്ന ഏഴാമത്തെയാളാണ് ലാലു ബീബിയെന്ന് മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തു. ജമ്മു ബക്ഷി നഗറിലെ സർക്കാർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജമ്മുവിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഇവരുടെ മക്കൾക്ക് വിട്ടുകൊടുത്തിട്ടില്ല.
ബീബി ഉൾപ്പെടെയുള്ള നിരവധി പേർക്ക് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഹൈക്കമ്മീഷണർ (UNHCR) നൽകിയ അഭയാർഥി തിരിച്ചറിയൽ കാർഡുകൾ ഉണ്ട്. കേസുകളൊന്നുമില്ലാത്ത 608 പേരടക്കം 676 റോഹിങ്ക്യൻ അഭയാർഥികൾ ഇന്ത്യയിലുടനീളം തടങ്കലിൽ കഴിയുന്നുണ്ടെന്ന് യുഎൻഎച്ച്‌സിആർ പ്രസ്താവനയിൽ പറഞ്ഞു.
ഒന്നുകിൽ ജന്മനാടായ മ്യാൻമറിലേക്ക് നാടുകടത്തുകയോ അല്ലെങ്കിൽ മോചിപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല തടങ്കലിൽ പ്രതിഷേധിച്ച റോഹിങ്ക്യക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ അഞ്ച് മാസം പ്രായമുള്ള ഒരു പെൺകുട്ടിയും ഈ തടവുകേന്ദ്രത്തിൽ മരണപ്പെട്ടിരുന്നു.
മ്യാൻമാറിലെ വംശഹത്യയിൽ നിന്ന് അഭയം തേടി ഏകദേശം 40,000 റോഹിങ്ക്യൻ മുസ്‍ലിംകളാണ് ഇന്ത്യയിലെത്തിയത്. യുഎൻഎച്ച്സിആർ ഇന്ത്യ ഘടകത്തിൽ 18,000 റോഹിങ്ക്യകൾ അഭയാർഥികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് അനിശ്ചിതകാലമായി തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആഗസ്റ്റിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് പ്രതികരണം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.