പോളിങ് പൊരുത്തക്കേട് ചോദ്യം ചെയ്യണമെന്ന് ഇൻഡ്യ സഖ്യകക്ഷികളോട് ഖാർഗെ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ സഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾക്ക് കത്തയച്ചു. ഇത്തരം പൊരുത്തക്കേടുകൾക്കെതിരെ ശബ്ദമുയർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഊർജസ്വലമായ ജനാധിപത്യത്തിന്റെ സംസ്കാരവും ഭരണഘടനയും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ഏക ലക്ഷ്യം. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുകയും ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യാമെന്ന് ഖാർഗെ കത്തിൽ പറഞ്ഞു.
‘ഇൻഡ്യൻ നാഷനൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇൻഡ്യ) എന്ന നിലയിൽ, ജനാധിപത്യം സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രമായ പ്രവർത്തനം സംരക്ഷിക്കുന്നതിനുമുള്ള കൂട്ടായ ശ്രമമായിരിക്കണം അത്. പ്രസ്തുത വസ്തുതകളെല്ലാം ചോദ്യം ചോദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അന്തിമ ഫലത്തിൽ കൃത്രിമം കാണിക്കാനുള്ള ശ്രമമാണോ ഇതെന്നും ഖാർഗെ ചോദിച്ചു.
ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിങ് പ്രവണതകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും എത്രത്തോളം ആശയക്കുഴപ്പത്തിലും നിരാശയിലുമാണെന്ന് വ്യക്തമാണ്. അധികാരത്തിന്റെ ലഹരിയിൽ സ്വേച്ഛാധിപത്യ ഭരണത്തിന് അധികാരത്തിൽ തുടരാൻ ഏതറ്റം വരെയും പോകാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിടുന്നതിലെ കാലതാമസത്തെക്കുറിച്ച് നിരവധി പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.