പരസ്യപ്രചാരണം അവസാനിച്ചു: ത്രിപുരയിൽ വോട്ടെടുപ്പ് നാളെ
text_fieldsഅഗർതല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. 60 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. മാർച്ച് മൂന്നിന് വോട്ടെണ്ണും. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികളും അന്തർസംസ്ഥാന അതിർത്തികളും അടച്ചു.
22 വനിതകൾ ഉൾപ്പെടെ 259 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഭരണകക്ഷിയായ ബി.ജെ.പി 55 സീറ്റിൽ മത്സരിക്കും. ബാക്കി ഐ.പി.എഫ്.ടിക്ക് നൽകിയിട്ടുണ്ട്. സി.പി.എം 43 സീറ്റിലും സഖ്യകക്ഷിയായ കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും. പ്രാദേശിക പാർട്ടിയായ ടിപ്ര മോത 42 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
തൃണമൂൽ 28 സീറ്റിലാണ് മത്സരിക്കുന്നത്. 2018ൽ ബി.ജെ.പി 36ലും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി എട്ട് സീറ്റിലും വിജയിച്ചു. സി.പി.എമ്മിന് 16 സീറ്റാണ് ലഭിച്ചത്. വികസനം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹികസുരക്ഷ, സ്ത്രീശാക്തീകരണം, പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കൽ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങൾ.
വമ്പിച്ച റാലികൾക്കും റോഡ് ഷോകൾക്കും വീടുതോറുമുള്ള പ്രചാരണത്തിനും ത്രിപുരയിലെ വോട്ടർമാർ സാക്ഷ്യംവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ എന്നിവരും ബി.ജെ.പി മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തി.
ഇടതുമുന്നണിക്കുവേണ്ടി മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവരെത്തി. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനർജി, ടിപ്ര മോത തലവൻ പ്രദ്യുത് കിഷോർ ദേബ്ബർമ, കോൺഗ്രസ് നേതാവ് അധിർ ചൗധരി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബിർജിത് സിൻഹ എന്നിവരും വിപുലമായ പ്രചാരണങ്ങൾ നടത്തി.
സമാധാനപരമായ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്ന് സംസ്ഥാന പൊലീസ് നോഡൽ ഓഫിസർ ജി.എസ്. റാവു പറഞ്ഞു. 400 കമ്പനി കേന്ദ്ര സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പുദിവസം കേന്ദ്ര സായുധ പൊലീസ് സേനയെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വിന്യസിക്കും.
ത്രികോണം ക്ലൈമാക്സിലേക്ക്
അഗർതല: ത്രിപുരയിലെ ത്രികോണ ത്രില്ലർ പോരാട്ടത്തിന് വ്യാഴാഴ്ച വോട്ടെടുപ്പോടെ ആന്റി ക്ലൈമാക്സ്. നഷ്ടപ്പെടാൻ ഏറെയുള്ള ഭരണകക്ഷി ബി.ജെ.പിയും ചിരവൈരം മാറ്റിവെച്ച് കോൺഗ്രസുമായി കൂട്ടുചേർന്ന് ബി.ജെ.പിയെ വീഴ്ത്താൻ ശ്രമിക്കുന്ന സി.പി.എമ്മും ഗോത്രമേഖല തൂത്തുവാരുമെന്ന് ഏവരും പ്രവചിക്കുന്ന ടിപ്ര മോതയും ചേർന്നുള്ള ത്രികോണ മത്സരത്തിന്റെ ആവേശത്തിലാണ് വടക്കുകിഴക്കൻ സംസ്ഥാനം.
43.59 ശതമാനം വോട്ട് കരസ്ഥമാക്കി അട്ടിമറിജയം നേടിയ ബി.ജെ.പി, ഇത്തവണ വോട്ടെണ്ണുമ്പോൾ ഉച്ചക്കുമുന്നേ കേവലഭൂരിപക്ഷം കടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച അവകാശപ്പെട്ടത്. എന്നാൽ, ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയുണ്ടായാൽ സർക്കാർ രൂപവത്കരിക്കാൻ തങ്ങൾ അവകാശവാദമുന്നയിക്കുമെന്നും മറ്റു കക്ഷികൾക്ക് തങ്ങളെ പിന്തുണക്കേണ്ടിവരുമെന്നുമാണ് ത്രിപുര രാഷ്ട്രീയത്തിലെ പുതിയ സെൻസേഷൻ ടിപ്ര മോതയുടെ ചൊവ്വാഴ്ചത്തെ പ്രഖ്യാപനം.
ജനപ്രീതി നഷ്ടപ്പെട്ട ബിപ്ലബ് കുമാർ ദേവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കി മണിക് സാഹയെ കൊണ്ടുവന്നിട്ടും ബി.ജെ.പിക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ദേശീയ നേതൃത്വത്തെ മുൻനിർത്തിയാണ് പാർട്ടിയുടെ വോട്ടുതേടൽ. പാർട്ടിയിലെ കലാപവും ബി.ജെ.പിയെ കുഴക്കുന്നു. നേരത്തെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറി മന്ത്രിയായ നേതാവടക്കം എട്ടുപേരാണ് ഈയിടെ പാർട്ടി വിട്ടത്.
ബി.ജെ.പി അധികാരം പിടിച്ചസമയത്തെ വോട്ടുവിഹിതമെങ്കിലും ലഭിക്കുകയാണെങ്കിൽ സി.പി.എം-കോൺഗ്രസ് സഖ്യം ജയിക്കുമെന്നാണ് കണക്കുകൾ പറയുക. സമ്പൂർണ സഖ്യമല്ലെന്നും മത്സരിക്കുന്നിടങ്ങളിൽ പരസ്പരധാരണ രൂപപ്പെടുത്തിയതാണെന്നുമാണ് ഇരു പാർട്ടിയും അവകാശപ്പെടുന്നത്. നേതൃത്വത്തിനേക്കാൾ അണികളാണ് ഈ ധാരണ ആവശ്യപ്പെട്ടതെന്നും ഇരുവരും പറയുന്നു. സി.പി.എമ്മും കോൺഗ്രസും പിന്തുണക്കുന്ന ഒരു സ്വതന്ത്രനും രംഗത്തുണ്ട്.
ഇതിനു പുറമെ, ബി.ജെ.പിസഖ്യം കഴിഞ്ഞ തവണ തൂത്തുവാരിയ ഗോത്രമേഖലയിൽ ടിപ്ര മോത ഇത്തവണ തേരോട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.ടി സംവരണമുള്ള 20 സീറ്റിൽ ഭൂരിഭാഗവും ഇവർ നേടുമെന്നാണ് നിരീക്ഷണം. ഇതെല്ലാം പരിഗണിക്കുമ്പോൾ അധികാരം നിലനിർത്തൽ ബി.ജെ.പിയെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.