വോട്ടുയന്ത്ര ആശങ്കകൾ വീണ്ടും തള്ളി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രം, വിവിപാറ്റ് തുടങ്ങിയവയെക്കുറിച്ച ആശങ്കകൾക്ക് ചെവികൊടുക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ‘ഇൻഡ്യ’ മുന്നണിക്കുവേണ്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കൊടുത്ത പരാതി വോട്ടുയന്ത്രങ്ങളുടെ പ്രവർത്തനത്തിൽ പൂർണ വിശ്വാസം ആവർത്തിച്ചുകൊണ്ട് കമീഷൻ തള്ളി.
കൂടുതൽ വിശദീകരണം ആവശ്യമായ വിധത്തിൽ ന്യായയുക്തമായ സംശയങ്ങളൊന്നും പരാതിയിൽ ഉന്നയിച്ചിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് ഇത്. കോൺഗ്രസ് നയിച്ച യു.പി.എ സർക്കാറിന്റെ കാലത്ത് 2013ലാണ് വിവിപാറ്റ് പേപ്പർ സ്ലിപ്പുകളുമായി ബന്ധപ്പെട്ട ചട്ടം കൊണ്ടുവന്നതെന്നും കമീഷൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ്കുമാർ ശർമ പരാതിക്കാരന് അയച്ച മറുപടിക്കത്തിൽ വിശദീകരിച്ചു. വോട്ടു യന്ത്രത്തെക്കുറിച്ച സംശയങ്ങൾക്കെല്ലാം കമീഷൻ ഇതിനകം മറുപടി നൽകിയിട്ടുമുണ്ട്.
വോട്ടുയന്ത്രം കൈകാര്യം ചെയ്യുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പങ്കാളികളാണ്. വിവിധ വശങ്ങൾ കമീഷൻ പരിശോധിച്ചിട്ടുമുണ്ട്. 40 വർഷത്തിനിടയിൽ മാറിമാറി വന്ന സർക്കാറുകൾ ആവിഷ്കരിച്ചതും കോടതികൾ അംഗീകരിച്ചതുമായ പ്രവർത്തന ചട്ടക്കൂടും സുതാര്യതയും വോട്ടുയന്ത്ര ഉപയോഗത്തിനുണ്ട്.
വോട്ടുയന്ത്രം, വിവിപാറ്റ് എന്നിവയിലെ ക്രമക്കേട് സാധ്യതകൾ കമീഷനുമായി ചർച്ച ചെയ്യാൻ ‘ഇൻഡ്യ’ മുന്നണി പ്രതിനിധികൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജയ്റാം രമേശ് കഴിഞ്ഞ ദിവസം കമീഷന് കത്തയച്ചത്. മറ്റു രാജ്യങ്ങളോ കോടതികളോ വോട്ടുയന്ത്ര ഉപയോഗത്തെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ഇവിടെ പ്രസക്തമല്ലെന്നും മറുപടിക്കത്തിൽ കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.