ബി.ജെ.പിക്ക് തിരിച്ചടി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ രഥ് പ്രഭാരി യാത്ര വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
text_fieldsന്യൂഡൽഹി: ഡിസംബർ അഞ്ച് വരെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി സംഘടിപ്പിച്ച 'രഥ് പ്രഭാരി'ക്ക് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് നടത്താനിരിക്കുന്ന പദ്ധതികളെ കുറിച്ചും സംരംഭങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് യാത്ര നടത്തുന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാൻഡിലും താപി മണ്ഡലത്തിലും രഥപ്രഭാരികളെ നിയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബക്കയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ യാത്ര നടത്തുന്നത് തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
നവംബർ 7 മുതൽ 30ന് ഇടയിലുള്ള കാലയളവിലായിരിക്കും മിസോറം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനായിരിക്കും ഈ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ്.
കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഛത്തീസ്ഗഢിലെ ബി.ജെ.പി റാലിക്കിടെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ഷാക്ക് വിലക്കേർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്.
മുതിർന്ന നേതാക്കളായ ജയറാം രമേശിന്റെയും സൽമാൻ ഖുർഷിദിന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമീഷന് മുൻപിലെത്തി ആവശ്യങ്ങൾ അറിയിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മണിക്‌റാവു താക്കറെ, രേവന്ത് റെഡ്ഡി, ഉത്തം കുമാർ റെഡ്ഡി, ഭട്ടി വിക്രമാർക എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.