ഹിമാചലിൽ നവംബർ 12ന് തെരഞ്ഞെടുപ്പ്; ഡിസംബർ എട്ടിന് വോട്ടെണ്ണും
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 12ന് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 27ന് സൂക്ഷ്മ പരിശോധന നടക്കും. 29ന് പത്രിക പിൻവലിക്കാം.
കോവിഡ് മാനണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികളുമായും വിശദ ചർച്ച നടത്തും. സുരക്ഷിതമായി തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു.
വോട്ടിങ് ശതമാനം ഉയർത്താൻ നടപടിയെടുക്കും. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടിങ് ശതമാനം വർധിപ്പിക്കാനും നടപടി സ്വീകരിക്കും. വോട്ടർ പട്ടിക പുതുക്കാൻ പുതിയ രീതി തെരഞ്ഞെടുപ്പ് കമീഷണർ പ്രഖ്യാപിച്ചു. വർഷത്തിൽ നാലു തവണ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങളും കേസുകളും ജനങ്ങളെ അറിയിക്കും. അതിനായി പുതിയ ആപ്പ് പുറത്തിറക്കും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിൽ എല്ലാ വിവരങ്ങളും നൽകും.
80 വയസിനു മുകളിലുള്ള വോട്ടർമാരുടെ വോട്ട് രേഖപ്പെടുത്താൻ കമീഷൻ ജീവനക്കാർ വീടുകളിൽ ചെല്ലുകയും അത് വിഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ അതിർത്തികളിൽ കൾശന പരിശോധന നടത്തും.
55,07261 വോട്ടർമാരാണ് ഹിമാൽ പ്രദേശിലുള്ളത്. 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചൽ പ്രദേശിലെ സർക്കാറിന്റെ കാലാവധി 2023 ജനുവരി എട്ടിന് അവസാനിക്കും.
അതേസമയം, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഹിമാചലിലെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതെന്നും കമീഷൻ പറഞ്ഞു.
എന്നാൽ ഒരു സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് ഫലം മറ്റെ സംസ്ഥാനത്തെ ബാധിക്കാത്ത വിധം തെരഞ്ഞെടുപ്പ് നടത്തുകയെന്ന കീഴ്വഴക്കം തെറ്റിക്കില്ലെന്നും കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.