തെരഞ്ഞെടുപ്പ് കമീഷന്റെ ചെവിക്കു പിടിച്ച് വിവരാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രം, വിവിപാറ്റ് എന്നിവയുടെ വിശ്വാസ്യത ചോദ്യംചെയ്ത് പ്രമുഖർ നൽകിയ നിവേദനത്തിൽ സ്വീകരിച്ച നടപടിയെക്കുറിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാത്ത തെരഞ്ഞെടുപ്പ് കമീഷൻ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര വിവരാവകാശ കമീഷൻ. വിവരാവകാശ നിയമത്തിന്റെ ഗുരുതര ലംഘനമാണിതെന്ന് കമീഷൻ വ്യക്തമാക്കി. വിശദീകരണം എഴുതിനൽകാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സാങ്കേതിക വിദഗ്ധർ, മുൻ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് വോട്ടുയന്ത്ര, വിവിപാറ്റ് പ്രവർത്തന വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കമീഷന് 2022 നവംബർ 22ന് കത്ത് നൽകിയത്. കത്തിൽ ഒപ്പുവെച്ചവരിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.ജി. ദേവസഹായമാണ് സ്വീകരിച്ച നടപടി എന്താണെന്ന് അറിയാൻ വിവരാവകാശ അപേക്ഷ നൽകിയത്. നിവേദനം ആർക്കാണ് കൈമാറിയത്, ഈ വിഷയം ചർച്ചചെയ്യാൻ നടത്തിയ യോഗത്തിന്റെ വിശദാംശങ്ങൾ, ബന്ധപ്പെട്ട ഫയൽ കുറിപ്പുകൾ തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.
എന്നാൽ നിശ്ചിത 30 ദിവസത്തിനകം തെരഞ്ഞെടുപ്പു കമീഷൻ മറുപടിയൊന്നും നൽകിയില്ല. തുടർന്നാണ് ദേവസഹായം വിവരാവകാശ കമീഷനെ സമീപിച്ചത്. മുഖ്യ വിവരാവകാശ കമീഷണർ ഹീരാലാൽ സമരിയയുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകാൻ തെരഞ്ഞെടുപ്പു കമീഷനിലെ കേന്ദ്ര പൊതുവിവരദായക ഓഫിസർക്ക് കഴിഞ്ഞില്ല. 30 ദിവസത്തിനകം അപേക്ഷയിലെ ഓരോ ചോദ്യത്തിനും മറുപടി നൽകണമെന്ന് വിവരാവകാശ കമീഷൻ തെരഞ്ഞെടുപ്പു കമീഷന് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.