തമിഴ്നാട്ടിൽ അംഗീകാരമില്ലാത്ത 345 രാഷ്ട്രീയപാർട്ടികളെ തെരഞ്ഞെടുപ്പ് കമീഷൻ ഒഴിവാക്കുന്നു
text_fieldstamilnadu political
ചെന്നൈ: തമിഴ്നാട്ടിലെ അംഗീകാരമില്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് കമീഷൻ ഒഴിവാക്കുന്നു. ഒന്നാം ഘട്ടമായി ചെന്നൈ ജില്ലയിൽ നിന്ന് 14 പാർട്ടികളെ ഒഴിവാക്കാൻ നടപടിയായി. 2019 മുതൽ തുടർച്ചയായി ആറു വർഷം ഒരു തെരഞ്ഞെടുപ്പിൽപോലും ഈ പാർട്ടികൾ മൽസരിച്ചിട്ടില്ല എന്ന കാരണത്താലാണ് നടപടി. തന്നെയുമല്ല ഈ പാർട്ടികളുടെ ആസ്ഥാനത്തിന് മേൽവിലാസവുമില്ല.
തമിഴ് മാനില കക്ഷി, ഇന്ത്യ ആൾ അടിതണർ പാർട്ടി, ഇന്ത്യ ആൾ വിമൻസ് ഡെമോക്രാറ്റിക് ഫ്രീഡം പാർട്ടി, അംബേദ്കർ പീപ്പിൾസ് മൂവ്മെന്റ്, പഴയ മക്കൾ ഗാന്ധിയ ഇയക്കം, മഹാഭാരത് മഹാജൻ സഭ, മീനവർ മക്കൾ മുന്നണി, നാൽവഴിക്കഴകം, നാഷണൽ ഓർഗനൈസേഷൻ കോൺഗ്രസ്, ന്യൂ ലൈഫ് പീപ്പിൾസ് പാർട്ടി, പസുംപൊൻ മക്കൾ കഴകം, തമിഴ്നാട് പെസന്റ്സ് വർക്കേഴ്സ് പാർട്ടി, വലമന തമിഴകം കക്ഷി, യൂത്ത് ആന്റ് സ്റ്റുഡന്റ്സ് പാർട്ടി എന്നീ പാർട്ടികൾക്കെതിരെയാണ് ആദ്യ നടപടി.
തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡപ്രകാരം ഇത്തരത്തിൽ ഒഴിവാക്കേണ്ട 2800 പാർട്ടികളാണ് തമിഴ്നാട്ടിലുള്ളത്. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യമായി 14 പാർട്ടികൾക്കെതിരെ നടപടി. തുടർന്ന് ഈ പാർട്ടികൾക്ക് കാരണം കാണിക്കൽ നോട്ടീസയക്കാൻ സംസ്ഥാന/ കേന്ദ്രഭരണപ്രദേശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു പാർട്ടിയെയും അനാവശ്യമായി ഒഴിവാക്കില്ല എന്ന ഉദ്ദേശത്തോടെ എല്ലാ പാർട്ടികൾക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിക്കുന്നു. അവസാന തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്റേതായിരിക്കും.
1951ലെ പീപ്പിൾസ് ആക്ട് സെക്ഷൻ 29 എ പ്രകാരമാണ് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേ ഷൻ. ഇതുപ്രകാരം നികുതി ഇളവ് ഉൾപ്പെടെ പല ആനുകൂല്യങ്ങളും പാർട്ടികൾക്ക് ലഭിക്കും. രാഷ്ട്രീയരംഗം സംശുദ്ധമാക്കുന്നതിനാണ് നടപടി എന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.