ബി.ജെ.പിക്കെതിരെ അഴിമതി നിരക്ക് കാർഡ് പരസ്യം; കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
text_fieldsബംഗളൂരു: കർണാടകയിലെ പത്രങ്ങളിൽ ബി.ജെ.പിക്കെതിരെ 'അഴിമതി നിരക്ക് കാർഡ്' പരസ്യം നൽകിയതിന് കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകൾ ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കുള്ളിൽ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നാണ് കമ്മീഷന്‍റെ മുന്നറിയിപ്പ്.
ബി.ജെ.പി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണ് പരസ്യമെന്നാണ് പരാതിയിൽ ബി.ജെ.പിയുടെ ആരോപണം. ആരോപണം ഉന്നയിച്ചതിന് അടിസ്ഥാനമായ തെളിവ് ഹാജരാക്കാൻ കെ.പി.സി.സി അധ്യക്ഷനോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
മേയ് 10നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019- 2023 കാലയളവിൽ കർണാടകയിൽ നടന്ന അഴിമതിയുടെ കണക്കുകൾ ഉൾപ്പെടുത്തി കോൺഗ്രസ് പോസ്റ്ററുകളും പത്ര പരസ്യവും പ്രസിദ്ധീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി മുതൽ സാധാരണ കോൺസ്റ്റബിൾ വരെയുള്ള പദവികൾക്കായും വിവിധ സ്ഥാനങ്ങളിലേക്കുള്ള നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി കോടികൾ കൈക്കൂലി വാങ്ങുന്നതായി പരസ്യത്തിൽ ആരോപിച്ചിരുന്നു.
വിവിധ കരാറുകൾക്ക് '40 ശതമാനം കമ്മീഷൻ' വാങ്ങുന്നതായും 'കറപ്ഷൻ റേറ്റ് കാർഡ്' പരസ്യത്തിൽ ഉണ്ടായിരുന്നു. സംസ്ഥാനത്തേത് 'ഇരട്ട എൻജിൻ സർക്കാർ' ആണെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ പരിഹസിച്ച് 'ട്രബിൾ എൻജിൻ സർക്കാർ' എന്ന് വിശേഷിപ്പിച്ചാണ് ഇംഗ്ലീഷിലും കന്നഡയിലുമായി കോൺഗ്രസ് 'അഴിമതി നിരക്ക് കാർഡ്' പുറത്തിറക്കിയത്.
ബി.ജെ.പി സർക്കാർ നാലുവർഷം കൊണ്ട് 1,50,000 കോടി രൂപ കൊള്ളയടിച്ചതായും ഇതിൽ ആരോപണമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് 2500 കോടിയും മന്ത്രിസ്ഥാനത്തിന് 500 കോടിയുമാണ് ചെലവ് എന്നും ‘അഴിമതി നിരക്ക് കാർഡിൽ’ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.