വെല്ലുവിളിക്കു നടുവിൽ കമീഷനും രാഷ്ട്രപതിയും
text_fieldsന്യൂഡൽഹി: ഇൗ തെരഞ്ഞെടുപ്പിൽ രാഷ്ട്രപതിയും തെരഞ്ഞെടുപ്പു കമീഷനും നേരിടുന്നത് അസാധാരണമായ വെല്ലുവിളികൾ. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രിയും ചില മുഖ്യമന്ത്രിമാരും ഗവർണർമാരുമാണ്. ചട്ടലംഘനം നടന്നുവെന്ന് വ്യക്തമായ സംഭവങ്ങൾ പലതായി. പക്ഷേ, ഇവരെ എന്തു ചെയ്യും? ഇതേ മട്ടിൽ പ്രചാരണരംഗം മുന്നോട്ടുപോയാൽ തെരഞ്ഞെടുപ്പു കഴിയുേമ്പാഴേക്ക് ഭരണഘടനാ സ്ഥാപനങ്ങളായ രാഷ്ട്രപതി ഭവനും തെരഞ്ഞെടുപ്പു കമീഷനും കാവി കേന്ദ്രങ്ങളെന്ന മുദ്ര പതിഞ്ഞെന്നു വരും.
ബി.ജെ.പിയേയും നരേന്ദ്ര മോദിയേയും ഇൗ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് പ്രസംഗിച്ച രാജസ്ഥാൻ ഗവർണർ കല്യാൺ സിങ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ബോധ്യപ്പെട്ടതിനാൽ തുടർനടപടിക്കായി തെരഞ്ഞെടുപ്പു കമീഷൻ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. അത്തരമൊരു നടപടി ഉണ്ടായാൽ അപ്പോൾതന്നെ ഗവർണർപദം രാജിവെക്കാൻ കല്യാൺസിങ് ബാധ്യസ്ഥനാണ്. അതല്ലെങ്കിൽ രാഷ്ട്രപതി അതിന് ഉപദേശിക്കേണ്ടി വരും. കമീഷെൻറ കത്ത് കേന്ദ്രസർക്കാറിലേക്ക് കൈമാറുകയും കാത്തിരിക്കുകയുമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും തീരുമാനമൊന്നും ആയിട്ടില്ല. ഉണ്ടാകാനുള്ള സാധ്യതതന്നെയില്ല. രാഷ്ട്രപതിക്കും ഗവർണർക്കും കാവിയുടെ മുൻകാല ചരിത്രമുള്ളതിനാൽ ഇൗ മൗനത്തിെൻറ അർഥം വൈകാതെ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.
സൈനിക നേട്ടം വോട്ടുലാഭത്തിന് ദുരുപയോഗിക്കുന്നുവെന്ന പരാതിയും രാഷ്ട്രപതിക്കു മുമ്പാകെ എത്തിയിരിക്കുകയാണ്. സൈനിക നേട്ടത്തിെൻറയും ത്യാഗത്തിെൻറയും പേറ്റൻറ് എടുത്ത് തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു ബി.ജെ.പി നേതാക്കൾക്കും അവിചാരിതമായ കോണിൽനിന്നാണ് തിരിച്ചടി. സേനയിൽ പല പദവികൾ വഹിച്ച് വിരമിച്ച 150ൽപരം പേർ രാഷ്ട്രപതിയെ സമീപിച്ചത് ‘മോദിയുടെ സേന’യായി സൈന്യത്തെ മാറ്റുന്ന പ്രവണത അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ്. മോദിയും യോഗി ആദിത്യനാഥുമൊക്കെ ഇൗ വിഷയത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പു വിഭാഗത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുമുണ്ട്. ഇത്തരമൊരു കത്ത് കിട്ടിയിട്ടില്ലെന്ന് രാഷ്ട്രപതിഭവൻ ‘വൃത്തങ്ങൾ’ വിശദീകരിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇതിനു പിന്നാലെ വന്നത്.
രണ്ടു സേനാ മുൻമേധാവികൾ കത്തിനെക്കുറിച്ച് അജ്ഞത നടിച്ചു. ഇതു ചൂണ്ടിക്കാട്ടി, ഇത്തരമൊരു കത്തുതന്നെ വ്യാജമാണ്, സ്ഥാപിത താൽപര്യത്തിന് ദുരുപയോഗിക്കുകയാണ് എന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വാദിച്ചു. രണ്ടു പേർ നിഷേധിച്ചു എന്നതു ശരി തന്നെയാണ്. എന്നാൽ, 156ൽ ബാക്കി 154 പേർക്കോ, നിഷേധം നടത്തിയ രണ്ടുപേർക്കോ കൂടുതൽ മൂല്യം? രാഷ്ട്രപതി ഭവനിലേക്ക് ഇ-മെയിൽ അയച്ചതിെൻറ രേഖകൾ പരാതിക്കാർ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. വിവാദ പരാതി കിട്ടിയെന്നോ ഇല്ലെന്നോ സ്ഥിരീകരിക്കുന്ന പതിവ് രാഷ്ട്രപതി ഭവന് ഇല്ലെന്നിരിക്കേയാണ് ‘വൃത്തങ്ങൾ’ വിശദീകരിച്ചുവെന്ന റിപ്പോർട്ടുകൾ. ഇൗ ഭീമഹരജിയിൽ രാഷ്്ട്രപതി ഭവൻ സ്വീകരിക്കുന്ന നടപടി പ്രധാനമാണ്.
മിന്നലാക്രമണം, അതിർത്തിയിലെ വെടിയൊച്ചകൾ, ബാലാകോട്ട്, അഭിനന്ദൻ വർധമാൻ എന്നിങ്ങനെ സൈനികമായി ബന്ധപ്പെട്ടതെല്ലാം 56 ഇഞ്ച് നെഞ്ചളവിെൻറ ഇച്ഛാശക്തിയായി ഉയർത്തിക്കാട്ടുകയും സൈന്യത്തിെൻറ നേട്ടവും ത്യാഗവും അപ്രസക്തമാക്കുകയുമാണ് മോദിസർക്കാർ ചെയ്തുകൊണ്ടേയിരിക്കുന്നത്. സൈന്യവും ദേശീയതയും ഇത്രമേൽ തെരഞ്ഞെടുപ്പിൽ വിൽപനക്കുവെച്ച സന്ദർഭം മുെമ്പാരിക്കലും ഉണ്ടായിട്ടില്ല. രാജസ്ഥാൻ, യു.പി തുടങ്ങി വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ മിക്ക വീടുകളിലും സൈനികരോ വിമുക്ത ഭടന്മാരോ ഉണ്ട്. സൈനിക വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഇൗ കുടുംബങ്ങളുടെ വൈകാരികത മുതലാക്കുന്ന സൂത്രവിദ്യയാണ് മോദിയും ബി.ജെ.പിയും നടത്തുന്നത്.
സർക്കാറിെൻറ ഭരണപരാജയങ്ങൾ മറച്ചുവെക്കാൻ സേനയുടെ നേട്ടങ്ങളിൽ അഭയം തേടുകയാണ് സർക്കാർ. എന്നാൽ, അതിനോട് സൈനികർക്കും വിമുക്ത ഭടന്മാർക്കുമുള്ള എതിർപ്പാണ് രാഷ്ട്രപ്രതിക്കുള്ള കത്തിലൂടെ പുറത്തുവരുന്നത്. പരസ്യമായി പ്രതികരിക്കാൻ നിർവാഹമില്ലാത്ത, സർവിസിലുള്ള സൈനികരുടെ വികാരം കൂടിയാണ് അറിയിക്കുന്നതെന്ന് സേനയെ നയിച്ചവർ കത്തിൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഒന്നിനു പുറകെ മറ്റൊന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടികൾ ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞെടുപ്പു കമീഷനിൽനിന്നും സുപ്രീംകോടതിയിൽനിന്നുമാണ് കിട്ടിയത്. അതിനിടയിൽ വീണതും വിദ്യയാക്കാൻ സർക്കാറിലുള്ളവർ ശ്രമിക്കുന്നു എന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.