ഇരട്ടപദവി: 20 ആം ആദ്മി എം.എൽ.എമാർക്ക് അയോഗ്യത
text_fieldsന്യൂഡല്ഹി: എം.എൽ.എയായിരിക്കേ പ്രതിഫലം പറ്റുന്ന അന്യപദവി വഹിച്ചതിന് ഡൽഹിയിൽ ഗതാഗതമന്ത്രി കൈലാശ് ഗെഹ്ലോട്ട് അടക്കം 20 ആം ആദ്മി പാർട്ടി (ആപ്) എം.എൽ.എമാർക്ക് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചു. വെള്ളിയാഴ്ച കമീഷൻ സമ്പൂർണ യോഗത്തിനു ശേഷം ഇതുസംബന്ധിച്ച ശിപാർശ മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ എ.കെ. ജോതി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അറിയിച്ചു. ഭരണഘടനപദവി വഹിക്കുന്നതിന് പുറമേ, പാർലമെൻററി സെക്രട്ടറി പദവിയടക്കം സർക്കാറിെൻറ ശമ്പളം, വാഹനം, യാത്രബത്ത തുടങ്ങി ഇരട്ട ആനുകൂല്യങ്ങൾ ലഭിക്കുന്ന പദവി വഹിച്ചു എന്ന പരാതിയിലാണ് നടപടി.
2015ൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും തൂത്തുവാരിയ ആം ആദ്മി പാർട്ടിക്ക് 20 പേർ കൂട്ടത്തോടെ അയോഗ്യരായാലും കേവല ഭൂരിപക്ഷം നഷ്ടപ്പെടില്ല. പഞ്ചാബിൽ മത്സരിക്കാൻ ജർണയിൽ സിങ് രാജിവെച്ചതുകൂടി കഴിച്ച് 46 എം.എൽ.എമാർ ബാക്കിയുള്ളതിനാൽ ഭരണപ്രതിസന്ധി ഇല്ല. അതേസമയം, കമീഷൻ ശിപാർശ രാഷ്ട്രപതി അംഗീകരിച്ചാൽ ഡൽഹിയിലെ 20 സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
കമീഷൻ നടപടി സ്റ്റേ ചെയ്യാൻ ആം ആദ്മി പാർട്ടി ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അടിയന്തര വാദം കേൾക്കലിന് ഹരജി നൽകിയെങ്കിലും ആക്ടിങ് ജസ്റ്റിസ് ഗീത മിത്തൽ പരിഗണിച്ചില്ല. ഇത്തരമൊരു ശിപാർശ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടോ എന്ന് 22നകം അറിയിക്കാൻ കമീഷനോട് ഹൈകോടതി നിർദേശിച്ചു. എം.എൽ.എമാരുടെ ഭാഗം കേൾക്കാതെയാണ് കമീഷെൻറ നടപടിയെന്ന് ആപ് ആരോപിച്ചു. അയോഗ്യരാക്കിയ നടപടി സ്വാഗതം ചെയ്ത കോൺഗ്രസും ബി.ജെ.പിയും, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ രാജി ആവശ്യപ്പെട്ടു.
21 ആപ് എം.എൽ.എമാർ അന്യപദവി വഹിച്ച് പ്രതിഫലം പറ്റുന്നുവെന്നു കാണിച്ച് 2016ലാണ് അഭിഭാഷകനായ പ്രശാന്ത് പേട്ടൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. 21 പേരിൽ ഒരാളായിരുന്നു പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവെച്ച ജർണയിൽ സിങ്. രാജിവെച്ചതിനാൽ അദ്ദേഹത്തിനെതിരായ നടപടി കമീഷൻ അവസാനിപ്പിച്ചിരുന്നു. പിന്നീട് ഇൗ സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി നിയമസഭയിൽ അംഗബലം നാലായി ഉയർത്തി. 2015 ജൂണില് അന്യപദവി പ്രശ്നം മറികടക്കാൻ 1997ലെ ഡൽഹി എം.എൽ.എ ആക്ട് സര്ക്കാര് ഭേദഗതി ചെയ്തിരുന്നു. എന്നാൽ, ബിൽ പാസാക്കാതെ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി തിരിച്ചയച്ചു.
ഡൽഹി ലഫ്. ഗവർണറുടെ അനുമതിയില്ലാതെയാണ് എം.എൽ.എമാരെ പാർലമെൻററി സെക്രട്ടറിമാരായി നിയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനം ഡൽഹി ഹൈകോടതി തള്ളുകയും ചെയ്തു. 20 എം.എൽ.എമാർ കൂട്ടേത്താടെ അയോഗ്യരാക്കപ്പെടുന്നത് രാജ്യത്ത് ആദ്യമാണ്. ഡൽഹിക്കുപുറമേ പലയിടത്തും എം.എൽ.എമാർ പാർലമെൻററി സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ തീരുമാനത്തിന് ലഫ്. ഗവർണറുടെ അനുമതി ആവശ്യമാണ് എന്നതാണ് പൂർണ സംസ്ഥാന പദവി ഇല്ലാത്ത ഡൽഹിയിലെ സാേങ്കതിക പ്രശ്നം.
ഇരട്ടപ്പദവി എന്നാൽ
എം.പി, എം.എൽ.എ തുടങ്ങി ഭരണഘടനപദവി വഹിക്കുന്നവർ സർക്കാർ പ്രതിഫലമോ യാത്രബത്ത, ഒാഫിസ്, കാർ തുടങ്ങിയ ഇരട്ട ആനുകൂല്യങ്ങളോ ലഭിക്കുന്ന മറ്റു സർക്കാർ പദവികൾ വഹിക്കുന്നതാണ് ഇരട്ടപ്പദവിയായി കണക്കാക്കുന്നത്. ഇരട്ട പ്രതിഫലം പറ്റുന്ന പദവികൾ വഹിച്ചതായി തെളിഞ്ഞാൽ അയോഗ്യരാക്കപ്പെടും. യു.പി.എ സർക്കാറിെൻറ കാലത്ത് ദേശീയ ഉപദേശക സമിതി അധ്യക്ഷസ്ഥാനം വഹിച്ചതിനാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായത്. യു.പി ചലച്ചിത്ര വികസന കൗൺസിൽ ചെയർപേഴ്സൺ ആയതിനെത്തുടർന്ന് രാജ്യസഭ എം.പിയായിരുന്ന ജയാബച്ചനെ അയോഗ്യയാക്കിയിരുന്നു. 2015 മാർച്ചിലാണ് ഡൽഹി പാർലമെൻററി സെക്രട്ടറിമാരായി ആം ആദ്മി പാർട്ടി മന്ത്രിയടക്കം 21എം.എൽ.എമാരെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.