പ്രതിപക്ഷ കക്ഷികൾ തങ്ങൾക്കെതിരെ ഉന്നയിച്ച പരാതികൾ തള്ളി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ തങ്ങൾക്കെതിരെ ഉന്നയിച്ച പരാതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. ചൊവ്വാഴ്ചത്തെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അറിയിക്കാൻ തിങ്കളാഴ്ച ന്യൂഡൽഹി ആകാശവാണി ഭവൻ ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് വിമർശനം.
150 ജില്ലാ വരണാധികാരികളെ സ്വാധീനിക്കാൻ അമിത് ഷാ ശ്രമിച്ചുവെന്ന ജയ്റാം രമേശിന്റെ ആരോപണവും മുഖ്യകമീഷണർ പരാമർശിച്ചു. ഊഹം പ്രചരിപ്പിച്ച് എല്ലാവരെയും സംശയത്തിലാക്കുന്നത് ശരിയല്ല. ആരാണിത് ചെയ്തതെന്ന് പറഞ്ഞാൽ ശിക്ഷ നൽകുമെന്ന് മുഖ്യകമീഷണർ അവകാശപ്പെട്ടു. അതേസമയം തെളിവ് നൽകാൻ സമയം നൽകണമെന്ന ജയ്റാം രമേശിന്റെ ആവശ്യം കമീഷൻ തള്ളിയിരിക്കുകയാണ്.
രാജ്യത്തിന് പുറത്തുനിന്നുള്ള ആക്രമണമായിരുന്നു തങ്ങൾ പ്രതീക്ഷിച്ചതെങ്കിലും അകത്തുനിന്നാണ് ആക്രമണമുണ്ടായതെന്ന് മുഖ്യ കമീഷണർ പറഞ്ഞു. വളരെ വ്യവസ്ഥാപിതമായ രീതിയിലാണ് കമീഷനെതിരായ പ്രചാരണം. വോട്ടർ പട്ടിക തെറ്റാണെന്നായിരുന്നു ആദ്യ പരാതി. രണ്ടോ നാലോ ശതമാനം തെറ്റുകളുണ്ടാകാമെന്നല്ലാതെ വോട്ടർപട്ടിക തെറ്റാണെന്ന് പറയാനാവില്ല. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാലു ദിവസം മുമ്പ് വോട്ടുയന്ത്രത്തിനെതിരെ സുപ്രീംകോടതിയിലെത്തി. 2023ൽ കമീഷൻ മറുപടി നൽകിയ കേസാണിത്. പോൾചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ചായി അടുത്ത പരാതി. ഈ രണ്ട് കേസുകളും 2019ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്നതാണ്. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം നൽകാൻ വൈകിയത് സ്വാഭാവികമായ കാലതാമസമാണ്. ഏറ്റവുമൊടുവിൽ വോട്ടെണ്ണുന്ന വരണാധികാരിയുടെ മേശക്കുചുറ്റും പാർട്ടികളുടെ കൗണ്ടിങ് ഏജന്റുമാരെ അനുവദിക്കുകയില്ലെന്നാണ് ആരോപിച്ചത്. അനുവദിക്കുമെന്ന് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ സുതാര്യമാക്കാൻ ‘ഇൻഡ്യ’ പ്രതിനിധിസംഘം തങ്ങളെ വന്നു കണ്ട് നൽകിയ ആവശ്യങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച് എണ്ണിപ്പറഞ്ഞ് അവയെല്ലാം അംഗീകരിച്ചുവെന്ന് മുഖ്യ കമീഷണർ പറഞ്ഞു. തപാൽ വോട്ടുകൾ ആദ്യമെണ്ണുകയാണ് കാലങ്ങളായി തുടരുന്ന രീതി. 54(എ) ചട്ടം വളരെ മുമ്പുള്ളതാണ്. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെണ്ണലിന് ഒരുക്കിയ സംവിധാനം ശക്തവും കുറ്റമറ്റതുമാണെന്ന് രാജീവ് കുമാർ അറിയിച്ചു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടവും മുൻകൂട്ടി ആസൂത്രണം ചെയ്തപോലെ നടക്കും. മാനുഷികമായ തെറ്റുകൾ പറ്റിയാൽ അത് തിരുത്തുമെന്നും കമീഷൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.