നിയമസഭ തെരഞ്ഞെടുപ്പിലെ പിഴവുകൾ കണ്ടെത്താൻ സമിതിയെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ജനറലാണ് കോർ കമ്മിറ്റിയുടെ അധ്യക്ഷൻ. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
തെരഞ്ഞെടുപ്പ് നടത്തിപ്പിലെ അനുഭവങ്ങൾ, പിഴവുകൾ, പോരായ്മകൾ എന്നിവയാണ് കോർ കമ്മിറ്റി പഠിക്കുക. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ വരും തെരഞ്ഞെടുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളും സി.ഇ.ഒ, ജില്ലാ ഉദ്യോഗസ്ഥരുടെ തലത്തിൽ നടപ്പാക്കേണ്ട നടപടികളും കമീഷൻ തീരുമാനിക്കും.
കോവിഡ് വ്യാപന കാലത്ത് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നിൽ തെരഞ്ഞെടുപ്പ് കമീഷൻ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള മാർഗ നിർദ്ദേശങ്ങൾ ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ പ്രാപ്തമാക്കുന്ന നിയമ / നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത കമീഷന് ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോർ കമ്മിറ്റിയെ നിയോഗിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.